തിരുവോണം ബമ്പർ; ഇതുവരെ വിറ്റത് 71.5 ലക്ഷം ടിക്കറ്റുകൾ , സർവകാല റെക്കോർഡ്

news image
Sep 19, 2023, 7:45 am GMT+0000 payyolionline.in

തിരുവനന്തപുരം: നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തിരുവോണം ബമ്പർ വിൽപ്പനയിൽ സർവകാല റെക്കോർഡ്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.

25 കോടിയാണ് ഒന്നാം സമ്മാനം. ഓരോ കോടി വീതമാണ് ഇരുപത് പേർക്കുള്ള രണ്ടാം സമ്മാനം. മോഹിപ്പിക്കുന്ന സമ്മാനങ്ങൾ തേടിയെത്തുന്ന ഭാഗ്യാന്വേഷകരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും വലിയ കണക്കിലാണുള്ളത്. ബമ്പർ വിൽപ്പന അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ ലോട്ടറികടകളിൽ നീണ്ടനിരയാണുള്ളത്. 500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരും കൂട്ടത്തോടെ ഷെയർ ഇട്ട് എടുക്കുന്നവരും ഏറെയാണ്. ഇക്കുറി ആകെ അച്ചടിച്ചത് 80 ലക്ഷം ടിക്കറ്റുകളാണ്. വിൽപ്പന തുടങ്ങിയ ആദ്യം ദിനം മാത്രം വിറ്റത് നാലര ലക്ഷം ടിക്കറ്റുകളാണെന്നത് ബംപറിൻ്റെ മാറ്റു കൂട്ടുന്നുണ്ട്. വിൽപ്പന തുടങ്ങിയ ജൂലൈ 27 മുതൽ ഇങ്ങോട്ട് ഓരോ ദിവസവും വിറ്റ ടിക്കറ്റുകളുടെ എണ്ണം കൂടുകയായിരുന്നു. നറുക്കെടുപ്പിന് മുമ്പ് മുഴുവൻ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഫലം കണ്ടു.

പതിനഞ്ച് കോടിയിൽ നിന്ന് സമ്മാന തുക 25 കോടിയായി ഉയർത്തിയ കഴിഞ്ഞ വർഷം 6655914 ടിക്കറ്റുകളാണ് വിറ്റത്. മുൻ വർഷങ്ങളെക്കാൾ സമ്മാനങ്ങളുടെ എണ്ണം കൂട്ടിയതാണ് ഇക്കൊല്ലം ഭാഗ്യാന്വേഷികളെ ആകർഷിച്ചത്. കോടിപതിയാരെന്നറിയാൻ ഇനി ഒരു ദിവസത്തെ കാത്തിരിപ്പാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe