പത്തനംതിട്ട: തിരുവല്ല പരുമലയിൽ നഴ്സ് വേഷത്തിൽ ആശുപത്രിയിൽ കടന്ന് കയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ആക്രമണത്തിനിരയായ യുവതിയുടെ ഭർത്താവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. രണ്ടാം തവണയാണ് അരുണിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചുവരുത്തിയത്. പിടിയിലാവുന്നതിന് മുമ്പ് അനുഷ ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ അരുണിനോട് പൊലീസ് ചോദിച്ചറിഞ്ഞു.
പുളിക്കീഴ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അരുണിനെ രണ്ടര മണിക്കൂർ പൊലീസ് ചോദ്യം ചെയ്തു. പ്രതി അനുഷയുമായുള്ള ബന്ധം, കൊലപാതക ശ്രമത്തിന് മുമ്പ് അനുഷ അരുണിനയിച്ച മെസേജുകൾ തുടങ്ങിയവയുടെ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. ആദ്യ തവണത്തെ ചോദ്യം ചെയ്യിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അരുൺ വീണ്ടും ആവർത്തിച്ചത്. അനുഷ അയച്ച മെസേജുകളുടെ വിവരങ്ങൾ പൊലീസിനോട് വിശദീകരിച്ചു. വധശ്രമത്തിന്റെ ആസൂത്രണം സംബന്ധിച്ച് അറിയില്ലെന്നാണ് അരുണിന്റെ വാദം.
അതിനിടെ, പ്രതി അനുഷയെ കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ പൊലീസ് കോടതിയിൽ നൽകി. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷണൽ കോടതിയിൽ കസ്റ്റഡി അപേക്ഷയാണ് നൽകിയിട്ടുള്ളത്. അനുഷയെ കസ്റ്റഡിയിൽ കിട്ടിയാൽ പരുമല ആശുപത്രിയിൽ എത്തിച്ച് വീണ്ടും തെളിവെടുക്കും. വേണ്ടിവന്നാൽ അരുണിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചനയുണ്ട്. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കുന്നതാണ് കേസിൽ ഇനി നിർണായകം. ഇതിനുള്ള നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്. ഡിലീറ്റ് ചെയ്ത ചാറ്റുകൾ സംബന്ധിച്ച് അനുഷ കൃത്യമായ മറുപടി പൊലീസിനെ നൽകിയിട്ടില്ല. അനുഷയുടെ ആദ്യ ഭർത്താവിന്റെയും രണ്ടാം ഭർത്താവിന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തും. ആക്രമണത്തിനിടയായ സ്നേഹയുടെ മൊഴി ആദ്യം ആശുപത്രിയിൽ വച്ച് രേഖപ്പെടുത്തിയിരുന്നു. സ്നേഹയുടെ ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകുന്ന മുറയ്ക്ക് വീണ്ടും മൊഴിയെടുക്കും. അതേസമയം, അനുഷയുടെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല കോടതി വിശദമായ വാദം കേൾക്കുന്നതിനായി നാളത്തേക്ക് മാറ്റി.