തിരുവമ്പാടിയിലെ നടപടി; നഷ്ടപരിഹാരം അടക്കാതെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കില്ലെന്ന് കെഎസ്ഇബി

news image
Jul 7, 2024, 5:27 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ വൈദ്യുതി ബില്ല് അടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ വീട്ടുടമയുടെ വൈദ്യതി ബന്ധം വിച്ഛേദിച്ച നടപടിക്ക് പിന്നാലെ സംഭവത്തില്‍ കടുത്ത നിലപാടുമായി കെഎസ്ഇബി മാനേജ്മെന്‍റ്. അക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പ് നല്‍കിയാല്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുമെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയതെങ്കില്‍ നഷ്ടപരിഹാരം അടക്കാതെ ഒരു കാരണവശാലം വൈദ്യുതി ബന്ധം പുനസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കെഎസ്ഇബി മാനേജ്മെന്‍റ്.

പൊതുമുതല്‍ നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും ആക്രമത്തില്‍ നഷ്ടപരിഹാരം അടച്ചേ തീരുവെന്നും കെഎസ്ഇബി മാനേജ്മെന്‍റിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പൊതുമുതല്‍ ജനങ്ങളുടെ സ്വത്താണ്. പരാതിക്കാര്‍ക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഓഫീസ് ആക്രമിക്കുകയല്ല. നാളെ മറ്റുള്ളവരും ഇത് പോലെ പ്രതികരിച്ചാൽ എന്താവും അവസ്ഥയെന്നും ഉദ്യോഗസ്ഥൻ ചോദിച്ചു.

വീട്ടുകാർ കോടതിയെ സമീപിച്ചാലും നിയപരമായി മുന്നോട്ട് പോകും. ആക്രമണത്തില്‍ 3 ലക്ഷം രൂപയാണ് കെഎസ്ഇബിയുടെ നഷ്ടം. ഇതിൽ പരാതി ഉണ്ടെങ്കിൽ ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് തീരുമാനിക്കുന്ന തുക അടച്ചാലും മതിയെന്നും കെഎസ്ഇബി മാനേജ്മെന്‍റ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe