തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മ അഞ്ജനയെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തത്. കുട്ടിയെ ശിശു ക്ഷേമസമിതിയിലേക്ക് മാറ്റി. രണ്ടാനച്ഛൻ മർദിക്കുമ്പോൾ അമ്മ നോക്കി നിന്നതായി കുട്ടി മൊഴി നൽകിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ രണ്ടാനച്ഛന്‍ ആറ്റുകാല്‍ സ്വദേശി അനുവിന്റെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛനെതിരെയും വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്‍പിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തതിരിക്കുന്നത്. രണ്ടാനച്ഛന്‍ കഴിഞ്ഞ ഒരു വര്‍ഷമായി കുഞ്ഞിനെ അടിവയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്നും ഫാനിൽ കെട്ടിത്തൂക്കിയെന്നുമാണ് പരാതി. രണ്ടാനച്ഛന്‍റെ ബന്ധുക്കള്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നി സംസാരിച്ചതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. പിന്നാലെ പൊലീസില്‍ പരാതി നൽകുകയായിരുന്നു.
അനു കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ അമ്മ അഞ്ജന ഇത് തടഞ്ഞില്ലെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. അജ്ഞനയെ ആദ്യ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്. അതിന് പിന്നാലെയാണ് ബന്ധുവായ അനുവിനൊപ്പം ഒരു വർഷമായി ജീവിക്കുന്നത്. അനു മര്‍ദിക്കുന്നത് കണ്ടിട്ടുണ്ടെന്നും തന്നെയും മര്‍ദിക്കുമോ എന്ന പേടികൊണ്ടാണ് അനുവിനെ തടയാന്‍ ശ്രമിക്കാതിരുന്നതെന്നുമാണ് അമ്മ അഞ്ജന പൊലീസിന് നല്‍കിയ മൊഴി.