തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. സുകാന്ത് സുരേഷിനെ കഴിഞ്ഞ ദിവസം കേസിൽ പ്രതി ചേര്‍ത്തിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുമുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുകയാണ്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി.
എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിൽ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്.മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി സുകാന്ത് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു. തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിൽ പോയി സംസാരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ മരണത്തോടെ താൻ മാനസികമായി തകർന്ന നിലയിലാണെന്നും മുൻകൂർ ജാമ്യാപേക്ഷ സുകാന്ത് പറയുന്നു. യുവതിയുടെ മാതാപിതാക്കൾ തനിക്കെതിരെ പരാതി നൽകിയതായി അറിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും സുകാന്തിന്റെ വാദം.
എന്നാൽ സുകാന്തിന്റെ വാദങ്ങൾ പത്തനംതിട്ടയിലെ യുവതിയുടെ കുടുംബം തള്ളി. വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ യുവാവ്, മകളെ ചൂഷണം ചെയ്യുകയായിരുന്നു.
മകൾ ഗർഭഛിദ്രം നടത്തിയതായി പൊലീസിൽ നിന്ന് അറിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗർഭചിദ്രം. ഇതടക്കം ചൂഷണത്തിന്റെ തെളിവുകൾ പൊലീസ് കൃത്യമായ കോടതിയിൽ ഹാജരാക്കുമെന്നാണ് പ്രതീക്ഷയെന്നും അച്ഛൻ പറഞ്ഞു. മുൻകൂർ ജാമ്യ ഹർജിയിൽ വിശദമായ നടക്കേണ്ടതുണ്ട്. അടുത്ത ദിവസം പൊലീസ് റിപ്പോർട്ട് ഹാജരാക്കും. യുവതിയുടെ കുടുംബവും പ്രത്യേകം അഭിഭാഷകനെ നിയോഗിക്കുമെന്നാണ് വിവരം.