തിരുവനന്തപുരം മെഡിക്കൽ ഷോപ്പിന്‍റെ മറവിൽ കോളജ് വിദ്യാർഥികൾക്ക് ലഹരി വിൽപ്പന; യുവാവ് പിടിയിൽ, എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു

news image
Jul 6, 2024, 8:10 am GMT+0000 payyolionline.in
തിരുവനന്തപുരം: മെഡിക്കൽ ഷോപ്പിന്‍റെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയ പ്രതി എക്സൈസ് പിടിയിലായി. നെടുമങ്ങാട് ഗവണ്‍മെന്‍റ് ഹോസ്പിറ്റലിന് എതിർവശത്തുള്ള കുറക്കോട് റോഡിൽ പ്രവർത്തിക്കുന്ന വീ കെയർ ഫാർമസി എന്ന മെഡിക്കൽ ഷോപ്പ് ഉടമയാണ് പിടിയിലായത്. വാളിക്കോട് സ്വദേശി 34 വയസ്സുള്ള സോനു എന്ന് വിളിക്കുന്ന ഷംനാസിന്‍റെ ബാഗിൽ നിന്നാണ് മയക്കുമരുന്നുകൾ കണ്ടെടുത്തത്. എംഡിഎംഎയും കഞ്ചാവും എക്സൈസ് കസ്റ്റഡിയിലെടുത്തു.

സർക്കിൾ ഇൻസ്‌പെക്ടർ സി എസ് സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കേസ് എടുത്തത്. കോളേജ് വിദ്യാർത്ഥികൾക്കും മറ്റും ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയതിനു ശേഷമായിരുന്നു റെയ്ഡെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രഞ്ജിത്ത്, പ്രിവന്‍റീവ് ഓഫീസർ ബിജു, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് സജി, നജിമുദ്ദീൻ, സിഇഒ രാജേഷ് കുമാർ, ഡബ്ല്യുസിഇഒ മഞ്ജുഷ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe