തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ ഉത്തരവായി

news image
Aug 16, 2023, 11:12 am GMT+0000 payyolionline.in

പത്തനംതിട്ട:നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവായി. പുതിയ പാമ്പൻ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ മണ്ഡപം വരെ സർവീസ് നടത്താനാണു സാധ്യത. ഡിസംബറിൽ പാലം നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു ട്രെയിൻ രാമേശ്വരത്ത് എത്തും. സ്പെഷലായി ഒാടിച്ച എറണാകുളം–രാമേശ്വരം നിർത്തിലാക്കിയതിനു പകരമായി അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുമെന്ന പ്രഖ്യാപനമാണു വൈകിയാണെങ്കിലും നടപ്പാകുന്ന സന്തോഷത്തിലാണു യാത്രക്കാരുടെ സംഘടനകൾ.

സർവീസ് ദീർഘിപ്പിക്കുന്ന തീയതി ഉൾപ്പെടെ വിശദമായ വിജ്ഞാപനം വൈകാതെ ദക്ഷിണ റെയിൽവേ പുറത്തിറക്കും. മുൻപു പല തവണ എംപിമാർ ഇതുമായി ബന്ധപ്പെട്ടു കത്തു നൽകിയെങ്കിലും ഒറ്റ റേക്ക് ഉപയോഗിച്ചു രാമേശ്വരം വരെ ഒാടിക്കുക സാധ്യമല്ലെന്ന നിലപാടിലായിരുന്നു റെയിൽവേ. ഒറ്റ റേക്ക് ഉപയോഗിക്കുമ്പോൾ കോച്ചുകൾ വൃത്തിയാക്കാൻ ആവശ്യമായ സമയം രാമേശ്വരത്ത് കിട്ടില്ലെന്ന കാരണം നിരത്തിയാണു ആവശ്യം നിരാകരിച്ചിരുന്നത്.

ദക്ഷിണ റെയിൽവേ മുൻ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർ (സിപിടിഎം) ടി.ശിവകുമാറാണ് ഇതിനു പോംവഴി കണ്ടുപിടിച്ചത്. ചെന്നൈ–രാമേശ്വരം ബോട്ട് മെയിൽ എക്സ്പ്രസിന്റെ റേക്കുമായി ബന്ധിപ്പിച്ച് അമൃത രാമേശ്വരത്തേക്കു നീട്ടാൻ സാധിക്കുമെന്നു കാണിച്ച് അദ്ദേഹം 2022ൽ കത്തു നൽകി. രാമേശ്വരത്ത് ഉച്ചയ്ക്ക് എത്തുന്ന അമൃത എക്സ്പ്രസിന്റെ കോച്ചുകൾ വൈകിട്ട് രാമേശ്വരം–ചെന്നൈ സർവീസിന് ഉപയോഗിക്കുകയും ചെന്നൈയിൽ നിന്നു രാവിലെ രാമേശ്വരത്ത് എത്തുന്ന ട്രെയിന്റെ കോച്ചുകൾ ഉച്ചയ്ക്ക് അമൃത എക്സ്പ്രസായി തിരുവനന്തപുരത്തേക്ക് വിടാമെന്ന ആശയം ബോർഡ് അംഗീകരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഉത്തരവിറങ്ങിയത്.

ചെന്നൈ–രാമേശ്വരം ബോട്ട് മെയിൽ എക്സ്പ്രസുമായി ലിങ്ക് ചെയ്യുന്നതിനു മുന്നോടിയായി കഴിഞ്ഞിടെ അമൃതയിൽ കോച്ചുകൾ കൂട്ടിയിരുന്നു. ഇരു ട്രെയിനുകളിലും കോച്ചുകളുടെ കോംബോ തുല്യമാക്കുന്നതിന്റെ ഭാഗമായി വൈകാതെ ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് കൂടി അമൃതയിൽ വരും. ഇതോടെ അമൃതയിലെ കോച്ച് കോമ്പോസിഷൻ– സ്ലീപ്പർ–13, തേഡ് എസി– 3, സെക്കൻഡ് എസി–1, ഫസ്റ്റ് എസി–1, ജനറൽ–2, എസ്എൽആർ–2 എന്നിങ്ങനെ 22 ആകും.

തിരുവനന്തപുരത്തു നിന്നു രാത്രി 8.30ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 1.40ന് അമൃത രാമേശ്വരത്ത് എത്തും. മടക്ക ട്രെയിൻ രാമേശ്വരത്തുനിന്ന് ഉച്ചയ്ക്കു ഒരു മണിക്കു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 5ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തിനും മധുരയ്ക്കുമിടയിലുള്ള സമയക്രമത്തിൽ കാര്യമായ മാറ്റമില്ല. അമൃത രാമേശ്വരത്തേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ, വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ജെബി മേത്തർ, ബെന്നി ബഹനാൻ തുടങ്ങിയവർ ദക്ഷിണ റെയിൽവേ മാനേജർക്കും റെയിൽവേ മന്ത്രിക്കും നിവേദനം നൽകിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe