തിരുവനന്തപുരം: പൊലീസിന്റെ മുന്നറിയിപ്പുകളെ അവഗണിച്ച് ഓൺലൈൻ തട്ടിപ്പുകളിൽ ചെന്നുചാടുന്നവരുടെ എണ്ണം വർധിക്കുന്നു. ജോലി നൽകാമെന്ന ഓൺലൈൻ പരസ്യംകണ്ട് പണം നൽകിയ കണ്ണമ്മൂല സ്വദേശിനിക്ക് 17 ലക്ഷവും തട്ടിപ്പുകാർ അയച്ചുനൽകിയ ലിങ്കുവഴി പാൻകാർഡ് അപ്ഡേറ്റ് ചെയ്ത പട്ടം പൊട്ടക്കുഴി സ്വദേശിക്ക് 1.40 ലക്ഷവും നഷ്ടമായി.
ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വാട്സ്ആപ്, ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ബന്ധപ്പെട്ട കണ്ണമ്മൂല സ്വദേശിക്ക് ആദ്യഘട്ടത്തിൽ തട്ടിപ്പുകാർ ചില ലിങ്കുകൾ വഴി ചെറിയ ജോലിയും ഇതിന് തുച്ഛമായ പ്രതിഫലവും നൽകി.
ഇതിനു ശേഷം ഇവരിൽനിന്ന് ചെറിയ തുകകൾ ആവശ്യപ്പെട്ട് 17 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പരസ്യം നൽകി ലിങ്ക് അയച്ചു നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. പൊട്ടക്കുഴി സ്വദേശിയുടെ മൊബൈൽനമ്പറിലേക്ക് ഇയാളുടെ എസ്.ബി.ഐ ‘യോനൊ’ അക്കൗണ്ടിലെ പാൻകാർഡ് അപ്ഡേറ്റ് ചെയ്യുന്നതിനുവേണ്ടി എന്ന വ്യാജേന ലിങ്ക് അയച്ചു കൊടുത്താണ് 1.40 ലക്ഷം തട്ടിയത്.
ഇദ്ദേഹത്തെക്കൊണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യിപ്പിച്ച് എസ്.ബി.ഐ യോനൊ വെബ്സൈറ്റിന് സമാനമായ വെബ്സൈറ്റിൽ പൊട്ടക്കുഴി സ്വദേശിയെക്കൊണ്ട് ബാങ്ക് യൂസർ ഐഡിയും പാസ് വേഡും ഒ.ടി.പിയും ടൈപ് ചെയ്യിപ്പിച്ചു.
തൊട്ടുപിന്നാലെയാണ് 1.40 ലക്ഷം നഷ്ടമായത്. ലിങ്ക് അയച്ചു നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജമായി വരുന്ന മെസേജുകൾ കൈകാര്യം ചെയ്യുന്നതിൽ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.