തിരുപ്പതി: അന്ധ്രാ പ്രദേശിൽ തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള രണ്ട് ഹോട്ടലുകൾക്ക് കൂടി ബോംബ് ഭീഷണി ലഭിച്ചു. തീവ്രവാദ സംഘടനകളുടെ പേരിലാണ് ഞായറാഴ്ച ബോംബ് ഭീഷണിയെത്തിയത്. പിന്നീട് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും ഒടുവിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.
തുടർച്ചയായ മൂന്നാം ദിവസമാണ് തിരുപ്പതിയിലെ ഹോട്ടലുകൾക്ക് ഭീഷണി സന്ദേശങ്ങൾ അടങ്ങിയ ഇ-മെയിലുകൾ ലഭിച്ചത്. രണ്ട് ഹോട്ടലുകളുടെയും നഗരത്തിലെ വരദരാജ ക്ഷേത്രത്തിന്റെയും പരിസരങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശമാണ് ഏറ്റവുമൊടുവിൽ ലഭിച്ചത്. ഹോട്ടലുകളുടെയും മാനേജ്മെന്റുകളും ക്ഷേത്ര അധികൃതരും വിവരം പൊലീസിന് കൈമാറി. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉൾപ്പെടെ വൻ സന്നാഹം സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തുകയായിരുന്നു. ഒടുവിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്ത. ഡിഎംകെ നേതാവ് ജാഫർ സാദിഖിന്റെയും പാകിസ്ഥാന്റെ ഐ.എസ്.ഐയുടെയും പേരിലായിരുന്നു സന്ദേശങ്ങൾ.
ശനിയാഴ്ചയും സമാനമായ തരത്തിൽ നഗരത്തിലെ രണ്ട് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് വിശദമായ പരിശോധനകൾ നടന്നെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് ഞായറാഴ്ച വീണ്ടും രണ്ട് ഹോട്ടലുകൾക്കും ഒരു ക്ഷേത്രത്തിനും കൂടി ഭീഷണി സന്ദേശം കിട്ടിയത്. അതേസമയം ഞായറാഴ്ച മാത്രം രാജ്യത്ത് അൻപതോളം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിക്കുകയും ചെയ്തു.