പയ്യോളി: തിക്കോടി കല്ലകത്ത് ബീച്ചില്‍ വയനാട് സ്വദേശികളായ നാല് പേര് തിരയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെയും മത്സ്യതൊഴിലാളികളുടെയും രോഷം അധികൃതര്‍ക്ക് മുന്പില് അണപൊട്ടി. ദുരന്ത വിവരമറിഞ്ഞു സ്ഥലത്തെത്തിയ കാനത്തില്‍ ജമീല എം.എല്‍.എ, തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട് കുയ്യണ്ടി രാമചന്ദ്രന്, പയ്യോളി സി.ഐ. എ.കെ. സജീഷ്, എസ്.ഐ.പി. റഫീഖ് എന്നിവരോടാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തന സൌകര്യങ്ങള്‍ ഇല്ലാത്തതിനും സ്ഥലത്തെത്തുന്ന സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതിനും കുറ്റപ്പെടുത്തി നാട്ടുകാര്‍ പരാതിക്കെട്ടഴിച്ചത്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് വയനാട്ടില്‍ നിന്നുള്ള 26 അംഗ സംഘം തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇവരില്‍ ആറ് പേര് മാത്രമേ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയുള്ളൂ. അഞ്ച് പേര് കൈ പിടിച്ച് കടലിലേക്ക് ഇറങ്ങിയപ്പോള്‍ ഒരാള്‍ തിരയില്‍പെട്ട് വീണതോടെ മറ്റുള്ളവര്‍ പരിഭ്രാന്തരായി. പിന്നീട് മുഴുവന്‍ പേരും തിരയില്‍പ്പെടുകയും ചെയ്തു. അഞ്ച് പേരുടെ കൂട്ടത്തില്‍ ജിന്‍സി(27) രക്ഷപ്പെട്ടെങ്കിലും കൽപ്പറ്റ സ്വദേശികളായ അഞ്ചു കുന്ന് പാടശ്ശേരി അനീസ (35), കൽപ്പറ്റ ആമ്പിലേരി നെല്ലിയാംപാടം വാണി (32) ഗുഡ്ലായികുന്ന് പിണങ്ങോട്ട് കാഞ്ഞിരക്കുന്നത്ത്, ഫൈസൽ (35) ഇപ്പോൾ ചൂണ്ടേൽ താമസിക്കുന്നു ഗുഡലായിക്കുന്ന് നടുക്കുന്നിൽ വീട് ബിനീഷ് കുമാർ (41) എന്നിവര്‍ തിരയില്‍പ്പെടുകയായിരുന്നു. ഇവരെ നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് കരക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലുപേരും മരണത്തിന് കീഴടങ്ങി.
വിവരമറിഞ്ഞു പോലീസും അഗ്നിരക്ഷാ സേനയും ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും കടലില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ രണ്ട് സ്ത്രീകള്‍ അടങ്ങുന്ന മൂന്ന് പേര് ആശുപത്രിലേക്ക് മാറ്റിയെങ്കിലും നാലാമത്തെയാള്‍ക്കായുള്ള തിരച്ചില്‍ വൈകിയിരുന്നു. ഒടുവില്‍ കല്ലുമ്മക്കായ ശേഖരിക്കുന്ന സംഘമാണ് നാലാമനായ ഫൈസലിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സിന്റെ ആംബുലന്‍സില്‍ നന്തി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തലശ്ശേരി മുഴുപ്പിലങ്ങാട് ബീച്ച് കഴിഞ്ഞാല്‍ കേരളത്തിലെ രണ്ടാമത്തെ ഡ്രൈവ് ഇന്‍ ബീച്ച് എന്ന നിലയിലാണ് തിക്കോടി കല്ലകത്ത് ബീച്ച് അറിയിയപ്പെടുന്നത്. എന്നാല്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന ഇവിടെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലെന്നുള്ളതാണ് യഥാര്‍ത്ഥ്യം. പലതവണ നാട്ടുകാരും മത്സ്യ തൊഴിലാളികളും ഇത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ആരും ചെവികൊണ്ടില്ലെന്ന് പറയുന്നു.