തിക്കോടിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു; റവന്യൂ – അദാനി സംഘം സ്ഥലം സന്ദർശിച്ചു

news image
Jul 19, 2024, 5:24 pm GMT+0000 payyolionline.in

പയ്യോളി: പെരുമാൾപുരത്തുൾപ്പടെ തിക്കോടി പഞ്ചായത്തിൻ്റെ വിവിധ സ്ഥലങ്ങളിലുണ്ടായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ സർക്കാറിൻ്റെ  ഇടപെടൽ.  കാനത്തിൽ ജമീല എംഎൽഎ പൊതുമരാമത്തു വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇടപെടൽ ഉണ്ടായിട്ടുള്ളത്.  കൊയിലാണ്ടി തഹസിൽദാർ അലിയുടെ നേതൃത്വത്തിൽ അദാനി ഗ്രൂപ്പിൻ്റെ ഉദ്യോഗസ്ഥരായ സേഫ്റ്റി മാനേജർ ഷിനോജ് , അദാനി ഹൈവേ ഹെഡ് ശിവനാരായണൻ, അദാനി  എഞ്ചിനിയർ ഉജ്വൽ കുമാർ, തിക്കോടി വില്ലേജ്ഓഫീസർ അഭിലാഷ് എന്നിവർ തിക്കോടി മുതൽ പെരുമാൾപുരം വരെയുള്ള നേരത്തെ വെള്ളം ഒഴുകി കൊണ്ടിരിക്കുന്ന ഡ്രൈനേജുകൾ പരിശോധിച്ചു.

വെള്ളക്കെട്ടിന്  പരിഹാരം കാണാൻ തിക്കോടിയിലെത്തിയ തഹസിൽദാർ വെള്ളക്കെട്ടുകൾ പരിശോധിക്കുന്നു

നേരത്തെ നിലവിൽ ഉണ്ടായിരുന്ന കിഴക്കും പടിഞ്ഞാറും ഭാഗത്തെ ഡ്രൈനേജുകൾ ബലപ്പെടുത്തി വെള്ളം ഒഴിക്കിവിടാമെന്നും അതിനുള്ള അടിയന്തര നടപടികൾ ജില്ലാ ഭരണകൂടത്തിൻ്റെയും   പഞ്ചായത്തിൻ്റെയും നഗരസഭ യുടെയും സഹായത്തോടെ നടപ്പാക്കാമെന്നും തഹസിൽദാറും അദാനി ഗ്രൂപ്പിൻ്റെ എഞ്ചിനിയർ ഉൾപ്പടെയുള്ളവരും ഉറപ്പു നൽകി. തുടർന്ന് പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡൻ്റ് ജമീല സമദ് , വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , പ്രനില സത്യൻ, ആർ വിശ്വൻ, കെ പി ഷക്കീല  , സന്തോഷ് തിക്കോടി ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബിജു കളത്തിൽ എന്നിവരുമായും ചർച്ച നടത്തി. അടിയന്തര നടപടികൾ ഉടനെ ആരംഭിക്കാമെന്നും   യുദ്ധകാലാടിസ്ഥാനത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ എടുക്കുമെന്നും
തഹസിൽദാർ   അറിയിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe