താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം: സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്; ആക്രമണം കോമരത്തിന്റെ വാൾ ഉപയോഗിച്ച്

news image
Mar 5, 2026, 3:12 am GMT+0000 payyolionline.in

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചാലക്കരയിൽ ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ബന്ധുക്കൾ തമ്മിലുള്ള തർക്കം അക്രമാസക്തമായതോടെ മൂന്ന് പേർക്ക് കോമരത്തിന്റെ വാൾ ഉപയോഗിച്ച് വെട്ടേറ്റു. ചാലക്കര ഇരട്ടക്കുളങ്ങര കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 7:30 ഓടെയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറത്തുനിന്ന് ആളുകളെ എത്തിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ആക്രമണത്തിനിടെ കോമരത്തിന്റെ വാൾ കൈക്കലാക്കിയ സംഘം അത് ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഭവത്തിൽ ഇരട്ടക്കുളങ്ങര സ്വദേശി കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46) എന്നിവർക്ക് വയറിന് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ ബന്ധുവായ ബാലുശ്ശേരി സ്വദേശി വിനോദിന് (49) തലയ്ക്കാണ് വെട്ടേറ്റത്.

ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീകൾക്ക് പരിക്കേറ്റത്. ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവരാണ് പരിക്കേറ്റ മറ്റ് അംഗങ്ങൾ. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe