താമരശേരി ചുരത്തിൽ കനത്ത മഴ; കുറ്റ്യാടി ചുരത്തിലും മണ്ണിടിച്ചില്‍

news image
Aug 28, 2025, 12:45 pm GMT+0000 payyolionline.in

കോഴിക്കോട് : താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. കുറ്റ്യാടി ചുരത്തിലും നേരിയ മണ്ണിടിച്ചിലുണ്ടായി. മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. തൊട്ടിൽപാലം പുഴയിൽ ജലനിരപ്പുയർന്നു.

കുറ്റ്യാടി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം തടസപ്പെട്ടു. താമരശേരിയിൽ കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. മഴ തുടർന്നതോടെ ചുരം വീണ്ടും അടച്ചു. ഗതാഗതം പൂർണമായി നിരോധിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഇടത്തേക്കു തന്നെയാണ് വീണ്ടും മണ്ണുംകല്ലും പതിച്ചത്.

മണ്ണിടിച്ചിലുണ്ടായതോടെ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ലക്കിടി കവാടം വഴി വയനാട് ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 34 (ബി) 34 (സി) 34 (എം) പ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ആംബുലൻസ്, ആശുപത്രി, പാൽ, പത്രം, ഇന്ധനം തുടങ്ങിയ അടിയന്തര സർവീസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ചുരത്തിലെ ട്രാഫിക് നിയന്ത്രണം ക്രമീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും കലക്ടർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe