മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ മരണത്തിന് ശരീരത്തിലേറ്റ മർദനം കാരണമായിട്ടുണ്ടെന്ന് ആന്തരികാവയവ പരിശോധന റിപ്പോർട്ട്. ഹിസ്റ്റോപതോളജി റിപ്പോര്‍ട്ടിന്റെയും കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടിന്റെയും കണ്ടെത്തലുകൾ അടിസ്ഥാനമാക്കി ഫോറൻസിക് വിഭാഗം കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മരണകാരണങ്ങൾ വ്യക്തമാക്കുന്നത്.
മർദനത്തിലേറ്റ പരിക്കുകളും ലഹരി ഉപയോഗവും നേരത്തേ ഹൃദ്രോഗിയായ താമിറിനെ മരണത്തിലേക്ക് നയിച്ചെന്നാണ് കണ്ടെത്തൽ. ലഹരി ഉപയോഗം മാത്രം മരണ കാരണമായെന്ന് പറയാനാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞ മരണകാരണം സാധൂകരിക്കുന്ന തരത്തിലാണ് ആന്തരികാവയവ പരിശോധന റിപ്പോർട്ടും.
കോഴിക്കോട് റീജനൽ കെമിക്കൽ എക്സാമിനേഷൻ ലാബിൽനിന്നും മഞ്ചേരി പത്തോളജി വിഭാഗത്തിൽനിന്നും ലഭിച്ച ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോറൻസിക് സർജൻ റിപ്പോർട്ട് തയാറാക്കിയത്.താമിർ മരണത്തിനു മുമ്പ് ‘മെതാഫിറ്റമിൻ’ ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. രക്തത്തിലും മൂത്രത്തിലും ‘മെതാഫിറ്റമിൻ’ സാന്നിധ്യം കണ്ടെത്തി. അതേസമയം, എത്ര അളവ് ഉപയോഗിച്ചിട്ടുണ്ടെന്നത് കണ്ടെത്തിയിട്ടില്ല. മൂർച്ചയില്ലാത്ത ആയുധങ്ങൾകൊണ്ട് മർദിച്ചതിനെ തുടർന്നുള്ള പരിക്കുകൾ വേഗം മരണത്തിലേക്ക് നയിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.മർദനത്തിലുണ്ടായ പരിക്കുകളുടെ ചിത്രസഹിതമാണ് റിപ്പോർട്ട്. അമിത ലഹരി ഉപയോഗമാണ് മരണ കാരണമെന്ന പൊലീസ് വാദത്തിന് എതിരായുള്ള റിപ്പോർട്ട് തിരൂർ സബ് ഡിവിഷനൽ മജിസ്ട്രേറ്റിനാണ് സമർപ്പിച്ചത്.