തളിര് സ്‌കോളർഷിപ്പ്: ജില്ലാതല പരീക്ഷാതീയതികൾ പ്രഖ്യാപിച്ചു, തീയതികളും വിശദവിവരങ്ങളും അറിയാം

news image
Nov 22, 2025, 6:21 am GMT+0000 payyolionline.in

കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് ജില്ലാതല പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. തളിര് സ്‌കോളർഷിപ്പ് 2025 – ജില്ലാതല പരീക്ഷകൾ ഓൺലൈൻ ആയാണ് നടത്തുന്നത്.

സീനിയർ വിഭാഗം (8, 9, 10 ക്ലാസുകൾ) നവംബർ 29നും ജൂനിയർ വിഭാഗം (5, 6, 7 ക്ലാസുകൾ) നവംബർ 30നും നടക്കും. വൈകിട്ട് മൂന്ന് മണി മുതൽ 3.50 വരെയാണ് ഓൺലൈൻ പരീക്ഷ.

ഓൺലൈൻ പരീക്ഷാ സോഫ്റ്റുവെയറിൽ പരിശീലനം നൽകുന്നതിനുള്ള മോക്ക് ടെസ്റ്റുകൾ നവംബർ 25, 26 തീയതികളിൽ നടക്കും. 22നു മുമ്പായി പരീക്ഷ തീയതി സംബന്ധിച്ച എസ് എംഎസുകൾ പരീക്ഷാർത്ഥികൾക്ക് അയയ്ക്കും.

നവംബർ 24ന് വൈകിട്ട് മോക്ക് പരീക്ഷ സംബന്ധമായ എസ്എംഎസുകൾ അയയ്ക്കും. വിശദമായ വിവരവും ജില്ലാതല ഹെൽപ് ലൈൻ നമ്പറുകളും ksicl.org യിൽ ലഭിക്കും.

100 ചോദ്യങ്ങളാണ് ഓൺലൈൻ പരീക്ഷയ്ക്ക് ഉണ്ടാവുക. 50 മിനിറ്റാണ് അനുവദിച്ചിരിക്കുന്ന സമയം. കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ടാബ്ലെറ്റ്, മൊബൈൽഫോൺ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷയിൽ പങ്കെടുക്കാം. ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്‌സ് തുടങ്ങിയ ബ്രൗസറുകളുടെ ഏറ്റവും പുതിയ വേർഷനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

മലയാളത്തിലുള്ള ചോദ്യങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ചോദ്യത്തോടൊപ്പം ലഭ്യമായിരിക്കും. എന്നാൽ മലയാളഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇംഗ്ലീഷ് പരിഭാഷ നൽകില്ല. മലയാളഭാഷയും സാഹിത്യവും, ചരിത്രം, പൊതുവിജ്ഞാനവും സമകാലികവും, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാവും ചോദ്യങ്ങൾ.

തളിര് മാസികയുടെ പഴയ ലക്കങ്ങൾ ksicl.org യിൽ ലഭ്യമാണ്. ജില്ലാതല പരീക്ഷയിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ ആദ്യമെത്തുന്ന 50 സ്ഥാനക്കാർക്ക് ജില്ലാതല സ്‌കോളർഷിപ്പായ 1,000 രൂപയും സർട്ടിഫിക്കറ്റും ലഭ്യമാവും.

ജില്ലാതല പരീക്ഷയിൽ ഏറ്റവും കൂടുതൽ സ്‌കോർ നേടുന്ന ഒരു പരീക്ഷാർത്ഥിക്കു മാത്രമാകും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുക.

പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർത്ഥികൾക്കും 2026 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് മാസിക തപാലിൽ ലഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe