തലസ്ഥാന നഗരം ഫെസ്റ്റിവല്‍ സിറ്റിയായി മാറിക്കഴിഞ്ഞുവെന്ന് പി.എ. മുഹമ്മദ് റിയാസ്

news image
Feb 12, 2024, 10:54 am GMT+0000 payyolionline.in

തിരുവനന്തപുരം: തലസ്ഥാന നഗരം ഇപ്പോള്‍ ഫെസ്റ്റിവല്‍ സിറ്റിയായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് പി.എ. മുഹമ്മദ് റിയാസ്. ഒരു വര്‍ഷത്തില്‍ ഒട്ടുമിക്ക മാസങ്ങളിലും എന്തെങ്കിലുമൊക്കെ ഫെസ്റ്റിവല്‍, ഒരു ഒത്തുചേരല്‍ തിരുവനന്തപുരം നഗരത്തില്‍ നടക്കാറുണ്ട്. ഓണാഘോഷമായാലും കേരളീയമായാലും പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടി ആയാലും ഒക്കെ നമുക്ക് കാണാന്‍ സാധിക്കും .

നമ്മുടെ സംസ്ഥാനത്തേക്ക് എത്തുന്ന സഞ്ചാരികള്‍ പ്രത്യേകിച്ച് വിദേശ സഞ്ചാരികള്‍, മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വരുന്ന സഞ്ചാരികള്‍, സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍നിന്നും തലസ്ഥാനത്തേക്ക് എത്തുന്ന സഞ്ചാരികള്‍ അവര്‍ക്ക് വലിയനിലയില്‍ ആഹ്ലാദം നല്‍കുന്ന നിലയിലേക്ക് നമ്മുടെ നഗരത്തെ മാറ്റേണ്ടതുണ്ട്. ആ ലക്ഷ്യത്തോടെ വൈവിധ്യമാർന്ന പദ്ധതികൾക്ക് ടൂറിസം വകുപ്പ് രൂപം നൽകി.

ഇപ്പോൾ നമ്മുടെ തൊഴിൽ രീതികളിലും സമയങ്ങളിലും ഒക്കെ മാറ്റം വരികയാണ്. ജോലി ഒക്കെ കഴിഞ്ഞ് രാത്രി എട്ട് മണിക്ക് ശേഷമാണ് പലർക്കും കുടുംബത്തോടൊപ്പം പുറത്തിറങ്ങാൻ കഴിയുക. കുടുംബത്തോടൊപ്പവും സുഹൃത്തുകളോടൊപ്പവും കുറച്ച് അധികനേരം ഇരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇടങ്ങള്‍ നഗരങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്. അവർക്ക് അൽപ്പനേരം മാനസിക ഉല്ലാസം നൽകാൻ കഴിയുന്ന തരത്തിൽ കേന്ദ്രങ്ങൾ സജ്ജമാക്കുക എന്നത് പ്രധാനമാണ് .

നഗരത്തിലെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയെ ആ നിലയിൽ വികസിപ്പിച്ചു കഴിഞ്ഞു. അവിടെ പോയവര്‍ക്ക് പൊതുവെ അതിന്റെ ട്രെന്റ് മനസിലാക്കാനാകും . തദ്ദേശ വകുപ്പ്, സ്മാർട്ട് സിറ്റി, കോർപ്പറേഷൻ, ജില്ലാ ഭരണകൂടം, പൊലീസ് എന്നിവരുടെ സഹകരണത്തോടെ മികച്ച നിലയിൽ നഗരം രാത്രിയിലും ജനനിബിഡമായി മാറുന്നു.

സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം സാധ്യമാക്കുന്ന അയ്യങ്കാളി ഹാൾ റോഡ് ആകർഷകമാക്കി മാറ്റുന്നതിന് തീരുമാനിച്ചു. അത് ആര്‍ക്കും പ്രയാസമുണ്ടാകാത്ത തരത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്തുകൊണ്ടാകും മുന്നോട്ട് പോവുക. സ്മാർട്ട് സിറ്റിയുമായും തിരുവനന്തപുരം കോർപ്പറേഷനുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത് . കോര്‍പ്പറേഷന്‍ മേയറുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. നഗരത്തിലെ ചില പാർക്കുകളെ കൂടി ഇത്തരം പദ്ധതികളുടെ ഭാഗമാക്കാൻ ആലോചിക്കുന്നു.

തിരുവനന്തപുരം കോർപ്പറേഷനുമായി നടത്തിയ ചർച്ച വളരെ പോസിറ്റീവായിരുന്നു . നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളും മഹാന്മാരുടെ പ്രതിമകളും ആകർഷകമാക്കാൻ ഉള്ള പദ്ധതിയും നടപ്പാക്കിയിട്ടുണ്ട് . പ്രധാന വ്യക്തികളുടെ ജീവിതരേഖ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ആധുനിക സങ്കേതങ്ങൾ ആണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത് .

ശംഖുമുഖത്തിന്റെ പ്രൗഡി തിരിച്ചെത്തിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും തുടരുകയാണ്. ടൂറിസം വകുപ്പ്, ഡിടിപിസി , സ്മാർട്ട് സിറ്റി , ഫുഡ് സേഫ്റ്റി എന്നിവ ചേർന്ന് ഫുഡ് സ്ട്രീറ്റും ശംഖുമുഖത്ത് സജ്ജമാക്കും. ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഇന്ന് വലിയ പ്രശസ്തി നേടിക്കഴിഞ്ഞു. ആക്കുളം അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ്സ് ബ്രിഡ്ജ് പ്രവൃത്തി അന്തിമഘട്ടത്തിൽ ആണ്. അതോടൊപ്പം ബൈപ്പാസ് മുതൽ ആക്കുളം പാർക്ക് വരെ സ്മാർട്ട് സിറ്റി സഹായത്തോടെ റോഡ് സൗന്ദര്യവൽകരണത്തിന് തീരുമാനിച്ചു.

ഫറോക്ക് പഴയ പാലം പോലെ തിരുവനന്തപുരം നഗരത്തിലെ പാലങ്ങൾ ആകർഷകമാക്കുന്ന പദ്ധതിയും ആരംഭിക്കും. അതിന് നിയമസഭക്ക് അടുത്തുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം പാലം, ബേക്കറി ജംഗ്ഷൻ ഫ്ളൈ ഓവർ എന്നിവ ദീപാലങ്കൃതമാക്കാനുള്ള തീരുമാനിച്ചു. ഈ തരത്തിൽ തലസ്ഥാന നഗരിയെ കൂടുതൽ ആകർഷകമാക്കാനാണ് ടൂറിസം വകുപ്പ് ആഗ്രഹിക്കുന്നതെന്നും മന്ത്രി വി.കെ പ്രശാന്തിന്റെ സബ്മിഷന് മറുപടി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe