തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിന് അയവ്. സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച സമരം പ്രവർത്തകരും പൊലീസും തമ്മിലുളള വൻ സംഘർഷത്തിലേക്ക് എത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. തുടർന്ന് ഉച്ചക്ക് ശേഷം ഡിസിസി ഓഫീസിന് മുന്നിലും സംഘർഷാവസ്ഥ നിലനിന്നിരുന്നു. വൻ പൊലീസ് സന്നാഹത്തെയാണ് ഇവിടെ വിന്യസിച്ചിരുന്നത്. പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ നഗരത്തിന്റെ പലയിടങ്ങളിലും പ്രവർത്തകർ സംഘടിച്ച് നിന്നിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ തലസ്ഥാനം യുദ്ധക്കളമായി. മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകര്‍ത്തു. കന്‍റോണ്‍മെന്‍റ് എസ്ഐ ഉള്‍പ്പടെ എട്ട് പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അക്രമസംഭവങ്ങളുടെ പേരില്‍ ഇരുപത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഡിസിസി ഓഫിസില്‍ കയറി പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാനുള്ള നീക്കം പ്രതിപക്ഷനേതാവിന്‍റെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിപക്ഷനേതാവായിരുന്നു മാർച്ച് നയിച്ചത്.