മാഹി: തലശ്ശേരി-മാഹി ബൈപാസ് സിഗ്നലിലെ അടിപ്പാത നിർമാണവും എൻ.എച്ച്-66 റോഡിന്റെ പുനർനിർമാണവും നടക്കുന്നതിനാൽ പള്ളൂർ മുതൽ മാഹി വരെയുള്ള കാര്യേജ്‌വേയിലെ (എം.സി.ഡബ്ല്യു) ദേശീയപാത (എൻ.എച്ച് 66) ചൊവ്വാഴ്ച രാവിലെ ആറു മുതൽ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ അടച്ചിടും. കണ്ണൂർ ഭാഗത്തുനിന്ന് മെയിൻ കാര്യേജ്‌വേ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സർവിസ് റോഡ് ഉപയോഗിച്ച് അടിപ്പാത നിർമാണം നടക്കുന്ന മേഖലയിലൂടെ സഞ്ചരിച്ച് മാഹി ഭാഗത്തേക്ക് പോകണം.
കോഴിക്കോട് ഭാഗത്തുനിന്ന് തലശ്ശേരി, കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സർവിസ് റോഡ് വഴി തിരിച്ചുവിട്ട് യാത്ര തുടരണം. മാഹിയിൽ നിന്ന് ചൊക്ലിയിലേക്കും തിരിച്ചുമുള്ള റോഡ് ജോലികൾ നടക്കുന്ന സമയത്ത് താൽകാലികമായി അടച്ചിടും. ബ്രാഞ്ച് റോഡിൽ നിന്ന് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും സർവിസ് റോഡുകളും മുന്നിലുള്ള അടിപ്പാതകളും യാത്രക്കായി ഉപയോഗിക്കണം. ആറു മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
