തലശ്ശേരി: വയലളം മണോളിക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട് ചുമതലയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുട്ടി മാക്കൂൽ പെരിങ്കളം നിലാവിൽ എം.സി. ലിനേഷ് (43), കുട്ടിമാക്കൂൽ ഋഷിക നിവാസിൽ സഹദേവൻ (46) എന്നിവരാണ് അറസ്റ്റിലായത്.വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ സി.പി.എം പ്രവർത്തകർ ബലപ്രയോഗത്തിലൂടെ രക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലിനേഷിനെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.അതിനിടെ, ഇന്നലെ പുലർച്ചെ പൊലീസുകാരെ കൈയ്യേറ്റം ചെയ്ത കേസിൽ മറ്റൊരു സി.പി.എം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങളം സ്വദേശി ലിനീഷ് ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് 80 ലേറെ സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ക്ഷേത്രത്തിൽ തെയ്യം കെട്ടിയാടുന്നതിനിടെ സി.പി.എം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിനെ ചൊല്ലിയാണ് വ്യാഴാഴ്ച പുലർച്ചെ സംഘർഷം ഉടലെടുത്തത്. ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളി ചോദ്യംചെയ്യുകയും ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയുമായിരുന്നു. സംഘർഷം തടയാൻ എത്തിയ എസ്.ഐ അടക്കമുള്ള പൊലീസുകാർക്ക് നേരെയാണ് ദിപിനും സംഘവും ആക്രമണം അഴിച്ചുവിട്ടത്. സി.പി.എം പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചെന്നാണ് പൊലീസുകാരുടെ പരാതി.