തലയാട് റീച്ച് ഉദ്ഘാടനത്തിന് ഒരുങ്ങി

news image
Mar 6, 2026, 5:07 am GMT+0000 payyolionline.in

ബാലുശ്ശേരി : മലയോര ഹൈവേയിലെ തലയാട്-മലപുറം റീച്ചും 28-ാം മൈൽ-തലയാട് പടിക്കൽവയൽ റീച്ചും ഉദ്ഘാടനത്തിനൊരുങ്ങി. ഈ റീച്ചുകളുടെ ഉദ്ഘാടനവും 28-ാം മൈൽ-ചെമ്പ്ര റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും ഏഴിന് രാവിലെ 10 മണിക്ക് നടക്കുമെന്ന് കെ.എം. സച്ചിൻദേവ് എം.എൽ.എ. അറിയിച്ചു.

മലയോര ഹൈവേ സജ്ജമാകുന്നതോടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും.

9.9 കിലോമീറ്റർ ദൂരമുള്ള തലയാട്- മലപുറം റീച്ചിന് 57.95 കോടി രൂപയും 28-ാം മൈൽ മുതൽ പടിക്കൽവയൽ വരെയുള്ള 6.70 കിലോമീറ്റർ ദൂരത്തിലുള്ള പ്രവൃത്തിക്ക് 41.25 കോടി രൂപയുമാണ് കിഫ്ബി അനുവദിച്ചത്. 12 മീറ്റർ വീതിയിലാണ് ഹൈവേ നിർമാണം.

ചെമ്പ്ര മുതൽ 28-ാം മൈൽവരെ കൂരാച്ചുണ്ട് അങ്ങാടിയിൽ 700 മീറ്റർ ഭാഗം ഒഴിവാക്കിക്കൊണ്ടുള്ള 9.45 കിലോമീറ്റർ ദൂരത്തിലുള്ള പ്രവൃത്തിക്ക് 42.80 കോടി രൂപയുടേതാണ് പ്രവൃത്തി. ചെമ്പ്രമുതൽ കൂരാച്ചുണ്ട് പെട്രോൾ പമ്പിന് സമീപം വരെയും കൂരാച്ചുണ്ട് ടെലിഫോൺ എക്സ്ചേഞ്ച് മുതൽ 28-ാം മൈൽ വരെയാണ് ഈ ഭാഗം. കൂരാച്ചുണ്ട് ടൗണിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് എതിർപ്പുകളെ തുടർന്നാണ് രണ്ട് പ്രവൃത്തിയായി നടത്താൻ തീരുമാനിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാറെടുത്തിട്ടുള്ളത്. ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തികളും അഴുക്കുചാലും പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങാടികളിൽ ഇരുഭാഗത്തും നടപ്പാതകളും റോഡ് സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും.

പെരുവണ്ണാമൂഴി താഴത്തുവയൽ മൂതൽ 28-ാം മൈൽവരെ ഒരു റീച്ചായി പ്രവൃത്തി നടത്താനായിരുന്നു ആദ്യതീരുമാനം. 15.65 കിലോമീറ്റർ ദൂരത്തിലുള്ള പ്രവൃത്തിക്ക് 2022 മാർച്ചിൽ 71.94 കോടി രൂപ കിഫ്ബി അനുവദിക്കുകയും ചെയ്തു.

കൂരാച്ചുണ്ട് ടൗണിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നം നിലവിലുള്ളതിനാൽ സ്ഥലമെടുപ്പിന് തടസ്സങ്ങളില്ലാത്ത ഭാഗങ്ങൾ ആദ്യം ടെൻഡർചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതോടെ ഈ റീച്ചിനെ ചെറിയഭാഗങ്ങളാക്കി മാറ്റുകയും താഴത്തുവയൽ മുതൽ ചക്കിട്ടപാറ വഴി ചെമ്പ്രവരെയുള്ള 5.55 കിലോമീറ്റർ ഭാഗം ടെൻഡർ നടത്തി ആദ്യം പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 31.46 കോടി രൂപയാണ് ഈ റീച്ചിന് അനുവദിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe