വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. അഫാന്റെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം നിലച്ചതിനാൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ് പ്രതി. 24 മണിക്കൂർ നിരീക്ഷണം വേണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
കഴിഞ്ഞദിവസമാണ് ജയിലിൽ വെച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യു ടി ബ്ലോക്കിലെ ശുചിമുറിയില്‍ കയറിയാണ് അഫാൻ കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ ജയിൽ സൂപ്രണ്ട് ജയിൽ മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്നും ഉദ്യോഗസ്ഥരുടെ സംയോജിത ഇടപെടലാണ് ജീവൻ രക്ഷിക്കാൻ കാരണമെന്നുമാണ് റിപ്പോർട്ട്.
ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. കേസിൽ പാങ്ങോട് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികളും 40 തൊണ്ടിമുതലുകളുമാണുള്ളത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സല്‍മ ബീവിയോട് പ്രതി അഫാന് വൈരാഗ്യം ഉണ്ടായിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
സാമ്പത്തിക ബാധ്യതകള്‍ക്ക് പിന്നാലെ സല്‍മാബീവിയോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിന് കാരണമായത് കടവും അഫാനോട് കടക്കാര്‍ പണം തിരികെ ചോദിച്ചതിലുള്ള ദേഷ്യവുമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നത്.
കടം വീട്ടാന്‍ സഹായിക്കാതിരുന്നതും അമ്മയെയും തന്നെയും കുറ്റപ്പെടുത്തിയതും പരിഹസിച്ചതുമാണ് പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്താനുള്ള കാരണം. ബാക്കിയുള്ള കേസുകളില്‍ വെഞ്ഞാറമ്മൂട് പൊലീസ് ഉടന്‍ കുറ്റപത്രം നല്‍കും. അറസ്റ്റ് രേഖപ്പെടുത്തി 89-ാം ദിവസമാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.