മരുന്നുകളുടെയും മറ്റ് മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനുള്ള നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് ആവശ്യം ശക്തമായ സാഹചര്യത്തില്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ പരിശോധനയ്ക്കും വിപണി നിരീക്ഷണത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. നിലവിലെ നിയമപരമായ ചട്ടക്കൂട് ശക്തിപ്പെടുത്തുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ മരുന്നു നിര്‍മ്മാതാക്കളുടെ ഗുണനിലവാര വീഴ്ചകളെക്കുറിച്ച് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ച് ആശങ്ക പ്രകടിപ്പിച്ചതാണ് ഈ പുതിയ നിയമനിര്‍മ്മാണത്തിന് പിന്നിലെ പ്രധാന കാരണം.
ഡ്രഗ്സ്, മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് 2025′ എന്ന പേരിലുള്ള നിയമത്തിന്റെ കരട് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ ഡോ. രാജീവ് രഘുവംശി അവതരിപ്പിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിജിഐ, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് എന്നീ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പുതിയ നിയമത്തിന്റെ രൂപരേഖ വിശദീകരിച്ചു. അടുത്തിടെ മധ്യപ്രദേശില്‍ ചുമ സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് നിര്‍ണ്ണായക യോഗം പുതിയ നിയമം നിലവില്‍ വരുന്നതോടെ, രാജ്യത്ത് നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയില്‍ കര്‍ശനമായ ഗുണനിലവാര പരിശോധന നടത്താന്‍ സിഡിഎസ്സിഒയ്ക്ക് നിയമപരമായ അധികാരം ലഭിക്കും. വ്യാജമോ നിലവാരം കുറഞ്ഞതോ ആയ മരുന്നുകള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പുതിയ നിയമപ്രകാരം സിഡിഎസ്സിഒയ്ക്ക് അധികാരം ലഭിക്കും. നിലവില്‍ 1940-ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടിന് പകരമായാണ് ഈ പുതിയ നിയമം വരുന്നത്. അന്താരാഷ്ട്ര നിലവാരങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്യുന്ന ഈ നിയമം ഉത്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു.ലൈസന്‍സ് നടപടികള്‍ ഡിജിറ്റലൈസ് ചെയ്യുക, സംസ്ഥാനതല റെഗുലേറ്റര്‍മാര്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക, ടെസ്റ്റിംഗ് ലാബുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജ മരുന്നുകള്‍ അധികൃതര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മ്മാണം. 2023-24 വര്‍ഷത്തെ സിഡിഎസ്സിഒ റിപ്പോര്‍ട്ട് പ്രകാരം, ഏകദേശം 5,500 മരുന്നു സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3.2% നിലവാരം കുറഞ്ഞതോ വ്യാജമോ ആണെന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 40-ല്‍ അധികം ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പുതിയ നിയമം അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.