കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളോട് സ്വത്ത്, ബാധ്യത എന്നിവ സംബന്ധിച്ച വിവരം നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് അംഗങ്ങളോടും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ കൗൺസിലർമാരോടുമാണ് തെരഞ്ഞെടുക്കപ്പെട്ട് 30 മാസമാകുന്ന പശ്ചാത്തലത്തിൽ സ്വത്തുവിവരം നൽകാൻ നിർദേശിച്ചത്.
സ്റ്റേറ്റ്മെന്റുകൾ ജൂൺ 20നകം സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ (കോംപീറ്റന്റ് അതോറിറ്റി) സർക്കാർ അധികാരപ്പെടുത്തുകയും ചെയ്തു. 1994ലെ കേരള പഞ്ചായത്തീ രാജ് ആക്ടിലെ 159 (1) വകുപ്പ് പ്രകാരവും 1994ലെ കേരള മുനിസിപ്പൽ ആക്ടിലെ 143എ (1) പ്രകാരവും പഞ്ചായത്ത് അംഗം, മുനിസിപ്പൽ കൗൺസിലർ എന്നിവർ പദവി ഏറ്റെടുത്ത തീയതി മുതൽ 30 മാസങ്ങൾക്കകം നിശ്ചിത ഫോറത്തിൽ അയാളുടെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും സ്വത്ത്, ബാധ്യത സ്റ്റേറ്റ്മെന്റ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതുപ്രകാരമാണ് നടപടി.
കുറഞ്ഞ കാലത്തിനിടെ ത്രിതല സംവിധാനത്തിലെ ജനപ്രതിനിധികളുടെ സ്വത്തിൽ വന്നുചേർന്ന വലിയ അന്തരമടക്കം കണ്ടെത്തുകയും അഴിമതികൾ ഇല്ലാതാക്കുകയുമാണ് ലക്ഷ്യം.
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്ക് ജില്ലയിലെ തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെയും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്ക് തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടറെയും ജില്ല പഞ്ചായത്ത് അംഗങ്ങൾക്ക് തദ്ദേശ വകുപ്പ് (റൂറൽ) ഡയറക്ടറെയും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ കൗൺസിലർമാർക്ക് തദ്ദേശ വകുപ്പ് (അർബൻ) ഡയറക്ടറെയുമാണ് കോംപീറ്റന്റ് അതോറിറ്റികളായി സർക്കാർ നിശ്ചയിച്ചത്. മുൻകൂട്ടി നൽകുന്ന മാതൃകയിലാണ് സ്റ്റേറ്റ്മെന്റുകൾ നൽകേണ്ടത്.
സ്വത്ത് സ്റ്റേറ്റ്മെന്റുകൾ ബന്ധപ്പെട്ട ഓഫിസുകളിൽ സൂക്ഷിക്കാനും നിർദേശമുണ്ട്. നിശ്ചിത സമയ പരിധിക്കകം വിവരം സമർപ്പിക്കാത്ത അംഗങ്ങളുടെയും കൗൺസിലർമാരുടെയും പേരുവിവരം തെരഞ്ഞെടുപ്പ് കമീഷനിൽ ലഭ്യമാക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്വത്തുക്കൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുകയോ ഒരു വിവരവും നൽകാതിരിക്കുകയോ ചെയ്താൽ കേരള പഞ്ചായത്തീരാജ് ആക്ട് 35ാം വകുപ്പ് പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ട് 91ാം വകുപ്പ് പ്രകാരവും ബന്ധപ്പെട്ടയാളെ അയോഗ്യനാക്കാൻ വ്യവസ്ഥയുണ്ടെന്നും ഇതുസംബന്ധിച്ച് പുറത്തിറങ്ങിയ ഉത്തരവിൽ വ്യക്തമാക്കുന്നു.