തിരുവനന്തപുരം ∙ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. ഡിസംബര്‍ 20ന് മുന്‍പ് തിരഞ്ഞെടുപ്പ് പ്രകിയ പൂര്‍ത്തിയാകുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്. വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാനും ഇതു സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തി. കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു കത്തയച്ചിട്ടുണ്ട്.