കോഴിക്കോട് : വിവാദ പരാമർശത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് സമസ്ത മുശാവറ അംഗം മുക്കം ഉമർ ഫൈസി. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം പ്രതികരിച്ചു. ‘തന്നെ മുമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു. കാര്യങ്ങൾ അന്വേഷിച്ചശേഷം നടപടികളൊന്നും ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. രണ്ടുമാസത്തിനുശേഷം ഇപ്പോൾ കേസ് എടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
ചാനൽ ചർച്ചക്കിടെ തട്ടമിടാത്ത സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികൾ എന്ന പരാമർശമാണ് കേസിന് അടിസ്ഥാനമായത്. പരാമർശത്തിനെതിരെ വി പി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഉമർ ഫൈസിക്കെതിരെ കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഐപിസി 295 എ, 298 എന്നീ വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയത്.