പയ്യോളി : ദേശീയപാത നിർമ്മാണം മൂന്ന് വർഷം പിന്നിടുമ്പോൾ പെരുമാൾപുരത്തെ യാത്ര ദുരിതത്തിന് അറുതിയായില്ല. പയ്യോളിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാരാണ് ദുരിതം ഏറെയും അനുഭവിക്കുന്നത്. ശക്തമായ മഴ പെയ്യുന്നതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാവുകയാണ്.
ഫോട്ടോ : ഇന്നലെ പെയ്ത കനത്ത മഴയിൽ പെരുമാൾ പുരത്തെ സർവീസ് റോഡിന്റെ തകർച്ചയും വെള്ളക്കെട്ടും കാരണം വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു
അതേസമയം ഇവിടെ അണ്ടർ പാസ് നിർമ്മാണം പൂർത്തിയായിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും അപ്പ്രോച്ച് റോഡുകൾ നിർമ്മിക്കാത്തതാണ് ദുരിതത്തിന് കാരണമാകുന്നത്.
സർവീസ് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ റോഡ് ഉയർത്തുമെന്ന് മുൻപ് പറഞ്ഞിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഇപ്പോൾ സ്ഥിരീകരണമില്ല. ഇതു കാരണം റോഡിന് കിഴക്ക് ഭാഗത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടിട്ട് മൂന്ന് വർഷം പിന്നിട്ടു.
ഇക്കഴിഞ്ഞ മഴക്കാലത്ത് തിക്കോടി എഫ് സി ഐ ഗോഡൗണിൽ നിന്നും അരി കയറ്റി പോവുകയായിരുന്ന ലോറി യന്ത്ര തകരാറുകാരണം ഇവിടെ കുടുങ്ങിയപ്പോൾ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഇത്തരത്തിൽ ഓരോ മഴയത്തും ആശങ്കയോടെയാണ് യാത്രക്കാർ പെരുമാൾപുരം കടന്നുപോകുന്നത്.
ഇന്നലെ പെയ്ത മഴയിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്ക് പെരുമാൾപുരത്തും നന്ദിയിലുമായി അനുഭവപ്പെട്ടു. രണ്ടിടങ്ങളിലും റോഡിന്റെ ശോചനീയാവസ്ഥയായിരുന്നു കാരണം.