ഡൽഹി സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 70 ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

news image
Aug 26, 2023, 7:02 am GMT+0000 payyolionline.in

ന്യൂഡൽഹി: ഡൽഹിയിലെ ദാബ്രിയിലെ സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 70 ഓളം വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡൽഹി സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ദുർഗാപാർക്കിലെ സർവോദയ ബാലവിദ്യാലയ സ്‌കൂളിലാണ് ഉച്ചഭക്ഷണം കഴിച്ച 70 ഓളം ആൺകുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ഉച്ച ഭക്ഷണ വിതരണം നിർത്തിവെക്കുകയായിരുന്നു.

വിദ്യാർഥികളെ ദാബ്രിയിലെ ദാദാ ദേവ് ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാർഥികൾക്ക് സോയ ജ്യൂസ് നൽകിയതാവാം വയറുവേദനയും ഛർദ്ദിയും ഉണ്ടാക്കിയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

ക്രൈം ടീം സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് ശരിയായ ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയതായും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe