ഡൽഹി സ്ഫോടനം: അമിത് ഷായുടെ അധ്യക്ഷതയിൽ സുരക്ഷാ അവലോകന യോഗം

news image
Nov 11, 2025, 6:13 am GMT+0000 payyolionline.in

ന്യൂഡൽഹി: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല സുരക്ഷാ അവലോകന യോഗം ഉടൻ ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തിൽ അധ്യക്ഷത വഹിക്കു.

രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻ.ഐ.എ ഡി.ജി സദാനന്ദ് വസന്ത് ദത്തേ എന്നിവർ പങ്കെടുക്കും. ജമ്മു കശ്മീർ ഡി.ജി.പി നളിൻ പ്രഭാത് യോഗത്തിൽ വെർച്വലായി പങ്കെടുക്കും.

ഡൽഹി സ്ഫോടനം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിന് മുമ്പ് തിടുക്കപ്പെട്ട് ഒന്നും പറയുന്നത് ശരിയല്ലെന്നും ഡൽഹി നോർത്ത് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ രാജ ബന്തിയ മാധ്യമങ്ങളോട് പറഞ്ഞു. ‘യുഎപിഎ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘവും എൻ‌എസ്‌ജി സംഘവും ഉണ്ട്. അവർ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്യുന്നു. നിലവിൽ അന്വേഷണം നടക്കുകയാണ്. കാര്യങ്ങൾ സ്ഥിരീകരിക്കാതെ തിടുക്കപ്പെട്ട് പറയുന്നത് ശരിയാകില്ല’ -സ്‌ഫോടന സ്ഥലത്തിന് സമീപം ഡിസിപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ഫോറൻസിക് സംഘം സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ പരിശോധിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് ഏകദേശം 1-2 ദിവസമെടുക്കും. ഏതുതരം രാസവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് പരിശോധനയുടെ അടിസ്ഥാനത്തിൽ അവർക്ക് പറയാൻ കഴിയും’ -അദ്ദേഹം പറഞ്ഞു. മെട്രോ റെയിൽ അടക്കുന്നതിനെ കുറിച്ചോ അതിർത്തി അടക്കുന്നതിനെക്കുറിച്ചോ ഡൽഹി പോലീസും സർക്കാരും ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടി​ല്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe