തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടുള്ള മാനസിക പീഡനത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പിജി അവസാന വർഷ വിദ്യാർഥി ഡോ. എ ജെ ഷഹന മരിച്ച സംഭവത്തിൽ സഹപാഠി ഡോ. ഇ എ റുവൈസിനെ മെഡിക്കൽ കോളേജിൽനിന്നും സസ്പെൻഡ് ചെയ്‌ത നടപടി മൂന്ന് മാസത്തേക്ക് നീളും.
ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയാ എടുത്ത കേസിൽ ചൊവ്വാഴ്‌ച നടന്ന സിറ്റിങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സസ്‌പെൻഷൻ നീളുമെന്ന് അറിയിച്ചത്. മൂന്നുമാസത്തിനുശേഷം സസ്‌പെൻഷൻ സംബന്ധിച്ച തുടർ തീരുമാനമെടുക്കും.
2023 ഡിസംബർ നാലിനാണ് ഡോ. ഷഹനയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭീമമായ സ്ത്രീധനം നൽകാനില്ലാത്തതിനാൽ പ്രണയത്തിലായിരുന്ന റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്നാണ് ഷഹന ആത്മഹത്യ ചെയ്തത് എന്ന് കണ്ടെത്തിയിരുന്നു.