കൊല്ലം: ഹൗസ് സർജൻ വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ് വിചാരണക്കായി കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ജില്ല സെഷൻസ് കോടതിക്ക് കൈമാറി.
ജില്ല കോടതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള നടപടികൾ കൊട്ടാരക്കര കോടതി ചൊവ്വാഴ്ച പൂർത്തിയാക്കി. സംസ്ഥാനത്ത് ആദ്യമായി ഡോക്ടർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവമെന്നനിലയിൽ ഏറെ ചർച്ചയായ കേസിൽ ജൂലൈ ഒന്നിനാണ് കുറ്റപത്രം സമർപ്പിച്ചത്.
കൊട്ടാക്കര താലൂക്കാശുപത്രിയിൽ മേയ് 10ന് പുലർച്ച വന്ദനദാസ് ആക്രമിക്കപ്പെടുകയായിരുന്നു. വൈദ്യപരിശോധനക്കായി പൊലീസ് എത്തിച്ച ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപാണ് ആക്രമിച്ചത്. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് അധ്യാപകനായ സന്ദീപിനെ മുറിവിൽ മരുന്നുവെക്കാനായി ആശുപത്രിയിൽ കൊണ്ടുവന്നത്. ആശുപത്രിയിക്കുള്ളിൽവെച്ച് ഇയാൾ അക്രമാസക്തനായി.
സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശുപത്രി പരിസരത്തുണ്ടായിരുന്ന രോഗികൾ തുടങ്ങിയവർ ഉൾപ്പെടെ 136 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. പൊലീസുകാരെ ഉൾപ്പെടെ സന്ദീപ് കുത്തിപ്പരിക്കേൽപിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ട്.
സന്ദീപിന്റെ വസ്ത്രങ്ങളിലെ വന്ദനയുടെ രക്തക്കറ, കുത്താൻ ഉപയോഗിച്ച കത്രികയിലെ വന്ദനയുടെ രക്തം തുടങ്ങിയവ സംബന്ധിച്ച ഫോറൻസിക് ലാബ് റിപ്പോർട്ടുകളടക്കം 200 രേഖകളും 110 തൊണ്ടിമുതലും ഉൾപ്പെടുത്തിയുള്ളതാണ് 150 പേജുള്ള കുറ്റപത്രം.
കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസിന്റെ നേതൃത്വത്തിൽ 11 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. കൃത്യം നടന്ന് 83ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, കൊലപാതക ശ്രമം, ജോലി തടസ്സപ്പെടുത്തുക, ആശുപത്രി ജീവനക്കാരെ ആക്രമിക്കുക, ആശുപത്രി അടിച്ചുതകർക്കുക തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്.