കൊച്ചി: അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 26 പൈസയാണ് വെള്ളിയാഴ്ച രൂപയ്ക്ക് നഷ്ടമായത്. ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ മുൻ ദിവസത്തെ അവസാന നിരക്കായ 85.26 ൽ നിന്നും അഞ്ച് പൈസ നഷ്ടത്തിൽ 85.31 ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് നഷ്ടം 56 പൈസയായി വർധിച്ച് മൂല്യം 85.82 ലേക്ക് കൂപ്പുകുത്തി. വ്യാപാരത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയാണിത്.
ഒടുവിൽ 26 പൈസ നഷ്ടത്തിൽ 85.52 ൽ രൂപ വ്യാപാരം അവസാനിച്ചു. മാസാന്ത്യ, വർഷാവസാന ആവശ്യങ്ങൾക്കായി ബാങ്കുകളിൽ നിന്നും ഇറക്കുമതിക്കാരിൽ നിന്നുമുള്ള ആവശ്യകത വർധിച്ചതോടെ ഡോളർ കൂടുതൽ ശക്തിപ്പെട്ടതാണ് രൂപയ്ക്ക് തിരിച്ചടിയായത്.
രാജ്യത്തെ സാമ്പത്തിക വളർച്ച കുറയുന്നതും ഓഹരിവിപണിയിൽനിന്ന് വിദേശനിക്ഷേപകർ നിക്ഷേപം പിൻവലിക്കുന്നതും വ്യാപാര കമ്മി വർധിക്കുന്നതും തുടർച്ചയായി രൂപയുടെ മൂല്യം ഇടിയ്ക്കുകയാണ്. അഞ്ച് ദിവസത്തിനുള്ളിൽ 39 പൈസയാണ് രൂപയ്ക്ക് നഷ്ടമായത്. ഈ ആഴ്ചയുടെ തുടക്കത്തിൽ ഒരു ഡോളർ ലഭിക്കാൻ 85.13 രൂപ മതിയായിരുന്നു.