ഡോക്ടറുടെ കൊലപാതകം; വേറിട്ട പ്രതിഷേധവുമായി സൗരവ് ഗാംഗുലി, സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കും

news image
Aug 20, 2024, 3:58 am GMT+0000 payyolionline.in

ദില്ലി: കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകത്തിൽ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. അതേസമയം ബംഗാളിലെ സാഹചര്യം വിശദീകരിക്കാന്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഇന്ന് രാഷ്ട്രപതിയെ കാണും. അമിത് ഷായേയും ഗവര്‍ണര്‍ കാണുന്നുണ്ട്. സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധവും തുടരുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽ സമാന്തര ഒപി സജ്ജമാക്കിയുള്ള ഡോക്ടർമാരുടെ സമരം ഇന്നും തുടരും.

ഇതിനിടെ,കൊൽക്കത്തയില്‍ യുവ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധമറിയിച്ച് സൗരവ് ഗാംഗുലി. സൈബറിടത്ത് മുഖചിത്രം ഒഴിവാക്കി കറുപ്പണിയിച്ചായിരുന്നു ഗാംഗുലിയുടെ വേറിട്ട പ്രതിഷേധം. നേരത്തെ ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് അതിക്രമ സംഭവത്തെ ലഘൂകരിക്കാന്‍ താരം ശ്രമിച്ചെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. യുവ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ ആദ്യ പ്രതികരണം നടത്തിയ ഗാംഗുലിക്ക് കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

ഓഗസ്റ്റ് പത്തിനാണ് ഒറ്റപ്പെട്ട സംഭമെന്ന് ഗാംഗുലി പ്രതികരിച്ചത്. ഈ ഒരു വിഷയത്തെ മുന്‍നിര്‍ത്തി രാജ്യത്തെ മുഴുവന്‍ അവസ്ഥ ഇങ്ങനെയാണെന്ന് പറയരുതെന്നും ഗാംഗുലി പറഞ്ഞു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം നേരിട്ടു ഗാംഗുലി. ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രതികരണവുമായി ഗാംഗുലി വീണ്ടുമെത്തിയത്. മറ്റൊരാള്‍ക്കും ഇത്തരത്തിലൊരു ക്രൂര കൃത്യം ചെയ്യാന്‍ ധൈര്യം വരാത്ത പാകത്തില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം എന്ന് ഗാംഗുലി പഞ്ഞു. നേരത്തെ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്നും ഗാംഗുലി പ്രതികരിച്ചു.

ഇതിനുപിന്നാലെയാണ് എക്സില്‍ പ്രൊഫൈല്‍ ചിത്രത്തിന് പകരം കറുപ്പണിയിച്ചുള്ള പ്രതിഷേധം. താരത്തിന്‍റെ പ്രതിഷേധം നിരവധി പേര്‍ ഏറ്റെടുത്തു. എന്നാല്‍, മുഖം രക്ഷിക്കലാണെന്ന് വിമര്‍ശനവും ഗാംഗുലി നേരിടുന്നുണ്ട്. നേരത്തെ സംഭവത്തില്‍ നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് മോഹന്‍ ബഗാന്‍, ഈസ്റ്റ് ബഗാന്‍ ആരാധകര്‍ ഒന്നിച്ച് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് പ്രതിഷേധം നടത്തിയിരുന്നു.

ആരാധകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഡ്യൂറന്റ് കപ്പില്‍ മോഹന്‍ ബഗാന്‍- ഈസ്റ്റ് ബഗാന്‍ മത്സരം റദ്ദാക്കിയിരുന്നു. അതിനിടെ മത്സരം റദ്ദാക്കിയതിനെതിരെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബേ രംഗത്തെത്തി. സ്റ്റേഡിയത്തിനകത്ത് ഒരു പ്രശ്‌നവും ഉണ്ടാകില്ല, പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിന് പകരം സ്റ്റേഡിയത്തിനകത്ത് സുരക്ഷ ഒരുക്കിയിരുന്നെങ്കില്‍ മത്സരം നടത്താമായിരുന്നെന്നും ചൗബേ പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe