ന്യൂഡൽഹി: കൊൽക്കത്ത ആർജി കർ മെഡിക്കൽ കൊളേജിലെ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിക്കുന്ന എല്ലാ ഡോക്ടർമാരും തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. നാളെ വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ജോലിയിൽ പ്രവേശിച്ചാൽ നടപടികളുണ്ടാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ അതിന് ശേഷവും ഡ്യൂട്ടിയിൽ നിന്നും വിട്ട് നിൽക്കുന്നവർക്കെതിരെ സംസ്ഥാന സർക്കാർ അച്ചടക്ക ലംഘനത്തിന് നടപടികളെടുക്കാൻ ഇടയുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ആശുപത്രികളിൽ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി നിർദേശം നൽകി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികളും ലഭ്യമാക്കാനും നിർദേശമുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഡോകടർമാരോട് തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് അറിയിച്ചത്.
കഴിഞ്ഞ മാസമാണ് കൊൽക്കത്ത ആർജി കർ മെഡിക്കൽ കൊളേജിലെ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജ്യമുടനീളമുള്ള ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ച് പണിമുടക്കിയിരുന്നു.