തിരുവനന്തപുരം : വൈദ്യുതി ഉപയോക്താക്കളിൽനിന്ന് കെഎസ്ഇബി സ്വീകരിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയ്‌ക്ക് പലിശയായി 21 കോടി രൂപ വിതരണംചെയ്‌തു. 6.75 ശതമാനം നിരക്കിലുള്ള തുക ഉപയോക്താക്കളുടെ മെയ്-, ജൂൺ, ജൂലൈ ബില്ലിൽ കുറവുചെയ്‌താണ് നൽകുക. 11. 67 ലക്ഷം ഉപയോക്താക്കൾക്ക് 40 ദിവസംകൊണ്ട് ഇത്തരത്തിൽ തുക നൽകി. സെക്യൂരിറ്റി ഡിപ്പോസിറ്റിൽനിന്ന് റീഫണ്ടായി 4,51,641 പേർക്ക് 27.58 കോടി രൂപയും കൊടുത്തു.
മുൻ സാമ്പത്തികവർഷം അടച്ച അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക എത്രദിവസം കെഎസ്‌ഇബിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നുവെന്ന് കണക്കാക്കിയാണ് പലിശ നൽകുന്നത്. ജൂൺ– ജൂലൈയിലെ ബില്ലിനോടൊപ്പമാണ് അഡീഷണൽ ഡെപ്പോസിറ്റ് വാങ്ങൽ. ക്യാഷ് ഡെപ്പോസിറ്റ് പലിശ വൈദ്യുതി കണക്‌ഷൻ എടുക്കമ്പോൾ കണക്ടഡ് ലോഡ്, താരിഫ് കാറ്റഗറി എന്നിവ അനുസരിച്ച് കാഷ് ഡെപ്പോസിറ്റ് അടയ്‌ക്കാറുണ്ട്. ഇലക്‌ട്രിസിറ്റി സപ്ലൈകോഡിലെ ചട്ടം 67(6) പ്രകാരം, ഈ തുക ദ്വൈമാസബില്ലു നൽകുന്ന ഉപഭോക്താവിന്, ശരാശരി പ്രതിമാസ ബില്ലിന്റെ മൂന്നിരട്ടിയാണ്.
പ്രതിമാസ ബില്ലാണെങ്കിൽ രണ്ടിരട്ടി. ഈ തുകയ്‌ക്ക് കെഎസ്‌ഇബി ഓരോ സാമ്പത്തികവർഷവും ആ വർഷം ഏപ്രിൽ ഒന്നാംതീയതി നിലനിന്ന ബാങ്ക് പലിശ നിരക്കാണ് നൽകുന്നത്. ഈ കണക്കാക്കുന്ന തുക ജൂൺ, ജൂലൈയിൽ വൈദ്യുതി ബില്ലിൽ കുറയ്‌ക്കും. ആറുമാസത്തെ ശരാശരി ഉപഭോഗത്തിലെ ഏറ്റക്കുറച്ചിലും കണക്ടഡ് ലോഡിലെ വ്യത്യാസവും അനുസരിച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതുക്കും. ദ്വൈമാസബില്ലു നൽകുന്നവർക്ക് ഡെപ്പോസിറ്റ് തുക കഴിഞ്ഞവർഷങ്ങളിലെ വൈദ്യുതി ബില്ലിന്റെ മൂന്നിരട്ടിയിൽ കൂടുതലാണെങ്കിലും പ്രതിമാസ ബില്ല് നൽകുന്ന ഉപയോക്താക്കൾക്ക് രണ്ടിരട്ടിയേക്കാളും കൂടുതലാണെങ്കിലും അധികമുള്ള തുക തിരിച്ച് ലഭിക്കും.