ബംഗളൂരു: ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരെ ബി.ജെ.പി കർണാടക യൂനിറ്റ് നൽകിയ അപകീർത്തി കേസിൽ ഇടക്കാല സ്റ്റേ അനുവദിച്ച് കർണാടക ഹൈകോടതി. കഴിഞ്ഞ ബി.ജെ.പി സർക്കാറിനെതിരെ 2023ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് പുറത്തിറക്കിയ ‘അഴിമതി റേറ്റ് കാർഡ്’ പരസ്യമാണ് കേസിനിടയാക്കിയത്.
കർണാടക കോൺഗ്രസിനെയും പ്രതിയാക്കി പരാതി നൽകിയിരുന്നു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കും ശിവകുമാറിനുമെതിരായ നടപടികൾ ഹൈകോടതി ഇടക്കാല ഉത്തരവുമൂലം താൽക്കാലികമായി തടഞ്ഞു. ഇതു സംബന്ധിച്ച് കക്ഷികൾക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ അധ്യക്ഷനായ ബെഞ്ച്, ജൂലെ 29നകം ഇക്കാര്യത്തിൽ പ്രതികരണമറിയിക്കാൻ ആവശ്യപ്പെട്ടു.
ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് പ്രയോഗിച്ച ‘അഴിമതി റേറ്റ് കാർഡ്’ പ്രചാരണങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. വകുപ്പുകൾ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും സ്ഥലംമാറ്റങ്ങൾ നിശ്ചിത നിരക്കും കമീഷനുംവെച്ച് തീരുമാനിക്കപ്പെട്ടിരുന്നതായും കോൺഗ്രസ് ആരോപണമുയർത്തിയിരുന്നു. ഇത് കന്നട പത്രങ്ങളിലും ഇംഗ്ലീഷ് പത്രങ്ങളിലുമടക്കം പരസ്യമായി ദിവസങ്ങളോളം നൽകി.
വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കാമ്പയിൻ പരസ്യമായി. ഇത് തങ്ങളുടെ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ബി.ജെ.പിയുടെ പരാതി. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജ.പി ഭരണം ചൂണ്ടിക്കാട്ടി ഡബ്ൾ എൻജിൻ സർക്കാർ എന്ന പ്രചാരണം ബി.ജെ.പി നയിച്ചപ്പോൾ ഇരു സർക്കാറും പരാജയമാണെന്ന് ആരോപിച്ച് കോൺഗ്രസ് ‘ട്രബ്ൾ എൻജിൻ സർക്കാർ’ എന്ന കാമ്പയിനും നടത്തിയിരുന്നു. ഇത്തരം കാമ്പയിനുകൾ തങ്ങളെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളവയായിരുന്നെന്ന് ബി.ജെ.പി പരാതിയിൽ ഉന്നയിച്ചു.
കെ.പി.സി.സി അധ്യക്ഷനായ ഡി.കെ. ശിവകുമാറിന് പുറമെ, അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ സിദ്ധരമായ്യ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരെയും പരാതിയിൽ പരാമർശിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ സമാന കേസിൽ രാഹുൽ ഗാന്ധിക്കെതിരായ വിചാരണ നടപടികൾ ഇടക്കാല സ്റ്റേയിലൂടെ കർണാടക ഹൈകോടതി തടഞ്ഞിരുന്നു.
ഡി.കെ. ശിവകുമാറിനായി അഭിഭാഷകരായ കെ. ശശികിരൺ ഷെട്ടി, സൂര്യ മുകുന്ദരാജ് എന്നിവരും കെ.പി.സി.സിക്കായി അഭിഭാഷകരായ എസ്.എ. അഹമ്മദ്, സഞ്ജയ് ബി. യാദവ് എന്നിവരും ഹാജരായി. കേസിൽ ജൂലൈ 29ന് വീണ്ടും വാദം കേൾക്കും.