പത്തനംതിട്ട: അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്‍റെ മരണം കസ്റ്റഡി മർദനം മൂലമെന്ന ആരോപണവുമായി കുടുംബം. ജോയലിനെ മർദ്ദിച്ചതിൽ സിപിഎം നേതാക്കളുടെയും പിന്തുണയുണ്ടെന്ന് കുടുംബം ആരോപിച്ചു. 2020ൽ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ജോയലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്നായിരുന്നു മര്‍ദനം. 2020 ജനുവരി ഒന്നിനാണ് ജോയലിന് മര്‍ദനമേറ്റത്. ഇതിനുശേഷം ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ജോയൽ നേരിട്ടു. അഞ്ചുമാസമാണ് ചികിത്സയിൽ തുടര്‍ന്നതെന്നും മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നുവെന്നും ജോയലിന്‍റെ പിതൃ സഹോദരി കെകെ കുഞ്ഞമ്മ പറഞ്ഞു. ശാരീരിക അവശതകളെ തുടർന്ന് 2020 മേയ് 22 നാണ് ജോയൽ മരിച്ചത്.
തടയാൻ ശ്രമിച്ച തന്നെയും മര്‍ദിച്ചെന്ന് ജോയലിന്‍റെ പിതൃസഹോദരി
ജോയലിനെ മര്‍ദിക്കുന്നത് തടയാൻ ചെന്ന തന്നെയും പൊലീസ് മര്‍ദിച്ചെന്ന് കുഞ്ഞമ്മ പറഞ്ഞു. ജോയലിനെ മര്‍ദിച്ചതിൽ സിപിഎം നേതാക്കളുടെ പിന്തുണയുണ്ട്. മരിക്കുമ്പോള്‍ ജോയൽ ഡിവൈഎഫ്ഐ അടൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. ചില നേതാക്കള്‍ക്കെതിരെ ജോയൽ പ്രതികരിച്ചതാണ് വിരോധത്തിന് കാരണമെന്നും കെകെ കുഞ്ഞമ്മ ആരോപിച്ചു. അന്നത്തെ സിഐ യു ബിജുവും സംഘവും ചേര്‍ന്നാണ് ജോയലിനെ മര്‍ദിച്ചത്. ശ്രീകുമാര്‍ എന്ന പൊലീസുകാര്‍ മുട്ടുകൊണ്ട് ഇടിച്ച് ചതച്ചു.
അവൻ ഇടിയേറ്റ് തെറിച്ചുവീണു. തടയാൻ ചെന്ന തന്നെയും പൊലീസ് അടിച്ചു. ഇതെല്ലാം കണ്ട് എസ്ഐ സാര്‍ വന്നാണ് വെള്ളം കുടിക്കാൻ തന്നത്. അവന് മറ്റു അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഇനി കേസിനോ വഴക്കിനോ പോയാൽ നൂറു കേസ് ചുമത്തുമെന്ന് പറഞ്ഞ് അന്നത്തെ അടൂര്‍ സിഐ യു ബിജു ഭീഷണിപ്പെടുത്തിയെന്നും കെകെ കുഞ്ഞമ്മ പറഞ്ഞു. അന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകിയിരുന്നെങ്കിലും നടപടിയും നീതിയും ലഭിച്ചില്ലെന്നും കുഞ്ഞമ്മ പറഞ്ഞു. എന്നാൽ, ജോയലിന്‍റെ കുടുംബത്തിന്‍റെ ആരോപണം ആരോപണം സിപിഎം നേതൃത്വം നിഷേധിച്ചു. പൊലീസ് മര്‍ദനത്തെതുടര്‍ന്നല്ല മരണമെന്നും ഹൃദയാഘാതത്തെതുടര്‍ന്നാണെന്നുമായിരുന്നു അന്ന് പൊലീസ് വ്യക്കമാക്കിയിരുന്നത്.