ന്യൂഡൽഹി: ഉദ്യോഗസ്ഥരുടെ നിയമനത്തിൽ ഡൽഹി സർക്കാരിന്റെ നിയന്ത്രണം എടുത്തുകളയാൻ കേന്ദ്രത്തിന് അനുമതി നൽകുന്ന ഓർഡിനൻസിന് പകരമുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മേയ് 19-ന് പുറപ്പെടുവിച്ച ഓർഡിനൻസിനാണ് നിയമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ഗ്രൂപ്പ് എ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനും നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി രൂപീകരിക്കുന്നതിനുള്ള ഓർഡിനൻസാണ് കേന്ദ്രം പുറത്തിറക്കിയിരുന്നത്. അവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാനുള്ള അധികാരവും അതോറിറ്റിക്ക് കീഴിലായിരിക്കും. ഓര്‍ഡിനന്‍സിന് പകരമായുള്ള ബില്‍ പാസാകുന്നതോടെ ഡൽഹി സർക്കാറിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യാനും ഫയലുകൾ പുനഃപരിശോധിക്കാനുമുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയ്ക്ക് ലഭിക്കും.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹി സർക്കാരിനുള്ള അധികാരം നൽകുന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കുന്നതാണ് നിലവിൽ അംഗീകാരം നൽകിയിരിക്കുന്ന ഓര്‍ഡിനന്‍സെന്ന് ആം ആദ്മി ആരോപിച്ചു. സംസ്ഥാന സർക്കാരിന് അനുകൂലമായ വിധി പുറപ്പെടുവിച്ച സുപ്രീം കോടതിയെ ധിക്കരിക്കുന്നതാണ് ഓർഡിനൻസെന്നും അവർ ആരോപിച്ചു.