ട്രെയിൻ യാത്രയിൽ പരിശോധന കർശനമാക്കി റെയിൽവേ. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് ട്രെയിൻ യാത്രയിൽ പരിശോധന കർശനമാക്കിയത്. റിസർവ് ടിക്കറ്റ് എടുത്തു യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കിയിരിക്കുന്നത്. തിരിച്ചറിയൽ രേഖ കാണിക്കാത്ത പക്ഷം കർശനമായ നടപടി എടുക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി കഴിഞ്ഞു.
യാത്രയ്ക്കുള്ള ടിക്കറ്റ് ഓൺലൈൻ ആയിട്ടാണ് എടുക്കുന്നതെങ്കിൽ ഐആർസിടിസി അല്ലെങ്കിൽ റെയിൽവേയിൽ നിന്നു ലഭിക്കുന്ന ഒറിജിനൽ മെസേജും ഒപ്പം തിരിച്ചറിയൽ കാർഡും കാണിക്കണം. ടിക്കറ്റ് പരിശോധകൻ എത്തുമ്പോൾ ഓൺലൈൻ ടിക്കറ്റിനൊപ്പം നിർബന്ധമായും തിരിച്ചറിയൽ കാർഡും കാണിക്കണം. റെയിൽവ സ്റ്റേഷനിലെ കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് എടുത്തതെങ്കിൽ റിസർവ് ടിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡ് കാണിക്കണം.
പിഴ ഈടാക്കും
ഓൺലൈൻ ആയി ട്രെയിൻ യാത്രയ്ക്ക് വേണ്ടി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലുണ്ടെന്ന സാഹചര്യത്തിൽ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നത് കർശനമാക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. കൺഫേം ടിക്കറ്റിൽ ട്രെയിൻ യാത്ര ചെയ്യുന്നവർ വോട്ടർ ഐഡി, ആധാർ കാർഡ്, ലൈസൻസ്, പാസ്പോർട്ട്, അതുമല്ലെങ്കിൽ നിങ്ങളുടെ പേരും ഫോട്ടോയും വച്ച സർക്കാർ നൽകിയിരിക്കുന്ന മറ്റ് എന്തെങ്കിലും തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായും കൈയിൽ കരുതേണ്ടതാണ്.
യാത്ര ചെയ്യുന്ന ക്ലാസിന് അനുസരിച്ച് ആയിരിക്കും പിഴ ഈടാക്കുക. ഫസ്റ്റ് ക്ലാസിലാണ് യാത്ര ചെയ്യുന്നതെങ്കിൽ യാത്ര ചെയ്യുന്ന ട്രെയിനിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള സ്റ്റേഷനിലേക്കുള്ള മുഴുവൻ ചാർജും ആയിരിക്കും പിഴ ആയി ഈടാക്കുക. എസി കോച്ചിലാണ് എങ്കിൽ പിഴ ആയി 440 രൂപയും സ്ലീപ്പർ കോച്ചിലാണെങ്കിൽ പിഴ ആയി 220 രൂപയും ആയിരിക്കും ഈടാക്കുക.
പിഴ നൽകിയ ശേഷം സ്വന്തം സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാമെന്ന വ്യാമോഹം വേണ്ട. ട്രെയിൻ യാത്രയ്ക്കിടയിൽ കൈവശം കൺഫേം ടിക്കറ്റ് ഉണ്ടായിരിക്കുകയും എന്നാൽ തിരിച്ചറിയൽ കാർഡ് കാണിക്കാതിരിക്കുകയും ചെയ്താൽ ടിക്കറ്റില്ലാത്ത യാത്രക്കാരനായി കണക്കാക്കും. തിരിച്ചറിയൽ കാർഡ് കൈവശമില്ലെങ്കിൽ ടിടിഇ നിങ്ങളുടെ സീറ്റ് ആദ്യം കാൻസൽ ചെയ്യും. തുടർന്ന് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കുകയും ചെയ്യും. ഒന്നുകിൽ പിഴ ഈടാക്കി മറ്റൊരു സീറ്റ് അനുവദിക്കും. അല്ലെങ്കിൽ പിഴ ഈടാക്കി ജനറൽ കംപാർട്ട്മെൻ്റിലേക്ക് മാറ്റും. ടിടിഇ പറയുന്നത് നിങ്ങൾ അംഗീകരിക്കാത്ത പക്ഷം ട്രെയിനിൽ നിന്നു നിങ്ങളെ പുറത്താക്കാനും ടിടിഇക്ക് അധികാരമുണ്ടായിരിക്കും.