ട്രെയിൻ ദുരന്തം: മരണസംഖ്യ മറച്ചുവെച്ചിട്ടില്ല, തിരിച്ചറിഞ്ഞ് 108 പേരെ മാത്രം, മൃതദേഹങ്ങൾ അഴുകുന്നതിനാൽ ഒന്നിച്ച് സംസ്കരിക്കേണ്ടിവരും -ഒഡിഷ സർക്കാർ

news image
Jun 5, 2023, 5:42 am GMT+0000 payyolionline.in

ഭുവ​നേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം മറച്ചുവെക്കാൻ ഒഡിഷ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പി.കെ ജെന. അപകടത്തിന്റെ രക്ഷാപ്രവർത്തനം പരസ്യമായാണ് നടന്നത്. മാധ്യമങ്ങളെല്ലാം പ്രദേശത്തുണ്ടായിരുന്നു. അവരുടെ കൺമുന്നിൽ നടന്ന കാര്യങ്ങളിൽ സർക്കാർ മറച്ചുവെക്കാൻ ശ്രമിക്കുന്നുവെന്ന് പറയുന്നതിൽ അർഥമില്ല. എല്ലാം കാമറക്ക് മുന്നിലാണ് നടക്കുന്നത്. -അദ്ദേഹം വ്യക്തമാക്കി.

ഒഡിഷ സുതാര്യതയിൽ വിശ്വസിക്കുന്നു. ​റെയിൽവേ മന്ത്രാലയം അറിയിച്ചത് പ്രകാരം മരണം 288 ആണ്. റെയിൽവേയുടെ കണക്കുകളാണ് ഞങ്ങൾ പുറത്തുവിടുന്നത്. എന്നാൽ ബാലസോർ ജില്ലാ കലക്ടർ തിട്ടപ്പെടുത്തിയ കണക്കുപ്രകാരം ഞായറാഴ്ച രാവിലെ 10 വരെ മരണസംഖ്യ 275 ആണ്. ചിലപ്പോൾ ഒരേ മൃതദേഹം തന്നെ വീണ്ടും എണ്ണിപ്പോയതായിരിക്കാം കണക്കുകളിൽ വ്യത്യാസം വരാനിടയാക്കിയത് – ജെന കൂട്ടിച്ചേർത്തു. മരണപ്പെട്ടവരുടെ എണ്ണത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണങ്ങളോട് ​പ്രതികരിക്കുകയായിരുനു അദ്ദേഹം.

അപകട സ്ഥലത്തേക്ക് മാധ്യമങ്ങൾക്ക് പ്രവേശിക്കുന്നതിന് വിലക്കില്ല. രക്ഷാ പ്രവർത്തനവും ട്രാക്ക് പുനഃസ്ഥാപനവും ഉൾപ്പെടെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിലാണ് നടന്നത്. -അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് മരണ കണക്കുകളിൽ കൃത്രിമമുണ്ടെന്ന് ആദ്യം ആരോപിച്ചത്. തന്റെ സംസ്ഥാനത്ത് മാത്രം 61 പേർ മരിച്ചു. 182 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു സംസ്ഥാനതു നിന്ന് മാത്രം 182 പേരെ കാണാതാവുകയും 61 പേർ മരിക്കുകയും ചെയ്തു. അ​പ്പോൾ എവിടെയാണ് കണക്കുകൾ നിൽക്കുന്നത്? -മമത വാർത്താ സമ്മേളനത്തിൽ ചോദിച്ചു. എന്നാൽ ഇതു സംബന്ധിച്ച് ഒരു ചോദ്യത്തിനും മറുപടി പറയാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തയാറായില്ല.

275 മൃതദേഹങ്ങളിൽ 108 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചൂടു കാലാവസ്ഥ കൂടിയായതിനാൽ മൃതദേഹങ്ങൾ അതിവേഗം അഴുകുകയാണ്. അതിനാൽ സംസ്ഥാനത്തിന് ഒന്നോ രണ്ടോ ദിവസം കൂടി മാത്രമാണ് കാത്തിരിക്കാനാവുക. അതു കഴിഞ്ഞ് അവ നിയമ പ്രകാരം സംസ്കരിക്കേണ്ടി വരും. എല്ലാ മൃതദേഹങ്ങളും പെട്ടെന്ന് തന്നെ തിരിച്ചറിയണമെന്നും ബന്ധുക്കൾക്ക് വിട്ടുകൊടുക്കണമെന്നുമാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ അഴുകിക്കഴിഞ്ഞാൽ സൂക്ഷിക്കാനാകില്ല – അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe