കേരളത്തില്‍ ഓടുന്ന രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു. ഹംസഫര്‍ എക്‌സ്പ്രസ്, രാജ്യറാണി എക്‌സ്പ്രസ് എന്നിവയ്ക്കാണ് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചത്.
തിരുവനന്തപുരം നോര്‍ത്ത്- എസ് എം വി ടി ബെംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് ഹംസഫര്‍ എക്‌സ്പ്രസ്സിന് (നം. 16319/ 16320) കായംകുളത്ത് ആണ് സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് നവംബര്‍ ഒന്ന് മുതലും ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നതിന് നവംബര്‍ രണ്ടിനുമാണ് ഇവിടെ സ്റ്റോപ്പ് അനുവദിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ആണ് കായംകുളം ജങ്ഷനിലെ ഈ ട്രെയിനിന്റെ സ്റ്റോപ്പ്. രണ്ട് മിനുട്ടായിരിക്കും സ്റ്റോപ്പ്.
നിലമ്പൂര്‍ റോഡ്- തിരുവനന്തപുരം നോര്‍ത്ത് രാജ്യറാണി എക്‌സ്പ്രസിന് (നം. 16350) കരുനാഗപ്പള്ളിയിലാണ് സ്റ്റോപ്പ് അനുവദിച്ചത്. ഇതും പരീക്ഷണാടിസ്ഥാനത്തിലായിരിക്കും. ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു മിനുട്ടാണ് സ്റ്റോപ്പ്. പുലര്‍ച്ചെ 3.16ന് കരുനാഗപ്പള്ളിയിലെത്തുന്ന ട്രെയിന്‍ 3.17ന് പുറപ്പെടും.
അതേസമയം, ഈ ട്രെയിന്‍ കൊല്ലം ജങ്ഷന്‍, വര്‍ക്കല, തിരുവനന്തപുരം നോര്‍ത്ത് എന്നിവിടങ്ങളിലെത്തുന്ന സമയം മാറിയിട്ടുമുണ്ട്. ഒക്ടോബര്‍ 30 മുതല്‍ പുലര്‍ച്ചെ 3.42ന് കൊല്ലത്ത് എത്തുന്ന ട്രെയിന്‍ 3.45ന് പുറപ്പെടും. 4.06ന് വര്‍ക്കയില്‍ എത്തി 4.07ന് പുറപ്പെടും. നോര്‍ത്തില്‍ 5.35ന് എത്തുക.
