തൃശൂർ> സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം – വർണ്ണപ്പകിട്ട് 2024 17ന് തൃശ്ശൂരിൽ തിരിതെളിയുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 17,18,19 തീയതികളിലായി തൃശ്ശൂർ ടൗണ്‍ഹാൾ, എഴുത്തച്ഛൻ സമാജം ഹാൾ എന്നിവിടങ്ങളിലായി വിവിധ കലാപരിപാടികൾ അരങ്ങേറും. 17ന് വൈകിട്ട് നാലിന് വിദ്യാർത്ഥി കോർണറിൽ നിന്നാരംഭിച്ച് ടൗണ്‍ഹാളിൽ എത്തിച്ചേരുന്ന ഘോഷയാത്രക്ക് പിന്നാലെ ഉദ്ഘാടനസമ്മേളനം ആരംഭിക്കും. മന്ത്രി ഡോ. ആർ ബിന്ദു വർണ്ണപ്പകിട്ട് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭാ മേയർ തുടങ്ങിയവർ പങ്കെടുക്കും.
200 ട്രാൻസ്ജെൻഡർ വ്യക്തികൾ ഉദ്ഘാടനച്ചടങ്ങിനു ശേഷം കലാവിരുന്ന് സമ്മാനിക്കും. 18ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് ഏഴു വരെയും, 19ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലു വരെയുമായിരിക്കും കലാവിരുന്ന്. 19ന് വൈകിട്ട് അഞ്ചു മണിക്കാണ് സമാപനസമ്മേളനം.
ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടി ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ വിഭാഗത്തിനായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സമസ്ത മേഖലകളിലും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളിലാണ് സാമൂഹ്യനീതി വകുപ്പ്. അതിൻ്റെ ഭാഗമായി, ട്രാൻസ്ജെൻഡർ വ്യക്തികളുടെ സാമൂഹ്യ പുന:സംയോജനത്തിന് ഉതകുന്ന വിധത്തിലാണ് വർണ്ണപ്പകിട്ട് ട്രാൻസ്ജെൻഡർ ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. വർണ്ണപ്പകിട്ടിൽ പങ്കെടുക്കാനെത്തിച്ചേരുന്ന, ഗ്രൂപ്പ്, സിംഗിൾ ഇനങ്ങൾ അവതരിപ്പിക്കുന്ന, എല്ലാ ട്രാൻസ്ജെന്‍ഡർ വ്യക്തികൾക്കും ആദരഫലകവും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. പങ്കെടുക്കാനെത്തുന്ന ട്രാൻസ്ജെൻഡർ പ്രതിഭകൾക്ക് താമസം, വാഹനം തുടങ്ങി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നാലു രജിസ്ട്രേഷൻ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്.