ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക സംവരണം നൽകാനാകില്ല; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

news image
Jul 26, 2023, 3:11 pm GMT+0000 payyolionline.in

ദില്ലി: ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക സംവരണം നൽകാനാകില്ലെന്ന് നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ജോലിക്കും തൊഴിലിനും പ്രത്യേക സംവരണം നൽകാനാകില്ലെന്നാണ് കേന്ദ്രം നിലപാട് അറിയിച്ചത്. എന്നാൽ സംവരണ ആനൂകൂല്യമായുള്ള വിഭാഗത്തിൽ പെട്ടവർക്ക് അനൂകൂല്യം ലഭിക്കും. 2014 ൽ ട്രാൻസ്ജെൻഡേഴ്സിന്റെ അവകാശങ്ങളെ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ആഗസ്ത് 18നാണ് കേസ് സുപ്രീം കോടതി പരിഗണിക്കുക.

അതേ സമയം, ട്രാന്‍സ്‍ജെന്‍ഡര്‍ വ്യക്തിയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് രാജസ്ഥാന്‍. ജയ്‍പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് ആദ്യമായി ഇത്തരത്തിലൊരു ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നതെന്ന് സംസ്ഥാനത്തെ ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടറും ചീഫ് രജിസ്‍ട്രാറുമായ ബന്‍വര്‍ലാല്‍ ബൈര്‍വ കഴിഞ്ഞ ദിവസം അറിയിച്ചു.

ട്രാന്‍സ് വ്യക്തിയായ നൂര്‍ ശെഖാവത്തിലാണ് ബുധനാഴ്ച ജയ്പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇനി മുതല്‍ കോര്‍പറേഷന്റെ പോര്‍ട്ടലിലെ ജനന റെക്കോര്‍ഡുകളില്‍ ആണ്‍, പെണ്‍ വിഭാഗങ്ങള്‍ക്കൊപ്പം ട്രാന്‍സ്‍ജെന്‍ഡറുകളും ഉള്‍പ്പെടുമെന്ന് ചീഫ് രജിസ്‍ട്രാര്‍ അറിയിച്ചു. ട്രാന്‍സ് വ്യക്തികളെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബോധവത്കരണ പരിപാടി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

ഇപ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയ നൂര്‍ ശെഖാവത്തിന്റെ ജനന സമയത്ത് ആണ്‍ എന്നായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. പന്ത്രണ്ടാം ക്ലാസില്‍ പഠനം പൂര്‍ത്തിയാക്കിയ അവര്‍ ഇപ്പോള്‍ ട്രാന്‍സ്‍ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി ഒരു സന്നദ്ധ സംഘടന നടത്തുകയാണ് ചെയ്യുന്നത്. പുതിയ നീക്കത്തോടെ സര്‍ക്കാറിന് ട്രാന്‍സ് വ്യക്തികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രത്യേകമായി ക്രോഡീകരിക്കാന്‍ സഹായകമാവുമെന്ന് അവര്‍ പ്രതികരിച്ചു. ഒപ്പം ട്രാന്‍സ് വ്യക്തികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങളും ജോലികളില്‍ സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍ നഴ്‌സിംഗ് കോഴ്‌സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി നഴ്‌സിംഗ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ആരോഗ്യ രംഗത്തു കൂടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe