തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ജൂലൈയിൽ ആരംഭിച്ച ട്രയൽ റൺ പൂർത്തിയായി. ഇന്നു മുതൽ ഔദ്യോഗികമായി ഓപ്പറേഷണൽ തുറമുഖമായി. എഴുപതിലധികം കപ്പലുകൾ ഇതിനകം ചരക്കുമായി തുറമുഖത്തെത്തി. 1.5 ലക്ഷത്തോളം കണ്ടെയ്നറുകളിലായി എത്തിയ ചരക്ക് കൈകാര്യം ചെയ്തു. വർഷം 10 ലക്ഷം കണ്ടെയ്നറുകൾ ഈ തുറമുഖം വഴി കൈകാര്യം ചെയ്യാനാവും.
2028ൽ അടുത്ത ഘട്ടം പൂർത്തീകരിക്കുന്നതോടെ കണ്ടെയ്നർ കൈകാര്യ ശേഷി വർഷം 30 ലക്ഷമാവും. 2034 വരെ ജിഎസ്ടി മാത്രമാകും സംസ്ഥാനത്തിനു ലഭിക്കുക. ജിഎസ്ടിയായി ഇതുവരെ 16.5 കോടി ലഭിച്ചു. ഇതിൽ പകുതി കേരളത്തിന് കിട്ടും. ജനുവരി ആദ്യവാരമായിരിക്കും തുറമുഖത്തിന്റെ കമീഷനിങ്.2034 മുതൽ വരുമാന വിഹിതം കൂടി ലഭിച്ചുതുടങ്ങും. തുറമുഖനിർമാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ 1600 കോടി രൂപയാണ് നൽകുന്നത്.
വിസിലും(വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്) അദാനി ഗ്രൂപ്പും തമ്മിലുള്ള തുറമുഖ നിർമാണക്കരാർ പ്രകാരം 2024 ഡിസംബർ മൂന്നു മുതലാണ് തുറമുഖം ഓപ്പറേഷണൽ ആവുന്നത്. ബുധനാഴ്ച കമ്മിഷനിങ്ങിനു മുൻപ്, തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ചെന്നൈ ഐ.ഐ.ടി.യുടെ ഇൻഡിപെൻഡന്റ് എൻജിനീയർമാരുടെ സംഘം നിർമാണം പൂർത്തിയായെന്നുള്ള സർട്ടിഫിക്കറ്റ് നൽകും.
പുറുത്തുള്ള നിർമാണപ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാനുണ്ട്. ഇത് പ്രകാരം പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷൻ ആണ് ഇപ്പോൾ ലഭിക്കുക. പണികൾ തീർക്കാൻ മൂന്നു മാസംകൂടി സമയം അനുവദിച്ചിട്ടുണ്ട്.