ടോൾ പിരിവ് മാത്രം; പണി പിന്നെയും പിന്നോട്ട് , വെങ്ങളം–അഴിയൂർ ദേശീയപാത ഒരുവർഷം കൂടി വൈകും

news image
Jan 21, 2026, 1:58 am GMT+0000 payyolionline.in

കോഴിക്കോട് ∙ ദേശീയപാത 66ൽ വെങ്ങളം – രാമനാട്ടുകര റീച്ചിൽ ടോൾ പിരിവ് തുടങ്ങിയിട്ടും ഒരു ഭാഗം പോലും പൂർത്തിയാക്കാൻ കഴിയാതെ വെങ്ങളം – അഴിയൂർ റീച്ച് (40.78 കിലോമീറ്റർ). 4 ഭാഗങ്ങളായാണു പാതയുടെ നിർമാണം പുരോഗമിക്കുന്നത്. വടകര – പുതുപ്പണം (8.25 കിലോമീറ്റർ) അഴിയൂർ –നാദാപുരം (5.5 കിലോമീറ്റർ), മൂരാട് – നന്തി (10.33 കിലോമീറ്റർ), നന്തി – വെങ്ങളം (16.7 കിലോമീറ്റർ) എന്നിവയിൽ ഒന്നു പോലും പൂർത്തിയാക്കിയിട്ടില്ല. ചില ഭാഗങ്ങളിൽ വാഹനങ്ങൾ കടത്തിവിടുന്നു എന്നു മാത്രം. നിർമാണ സാധനങ്ങളുടെ ലഭ്യതക്കുറവ് പ്രവൃത്തിയെ ബാധിച്ചിട്ടുണ്ട്. 2024 ഏപ്രിലിൽ തീരേണ്ട അഴിയൂർ–വെങ്ങളം റീച്ചിന്റെ കാലാവധി അടുത്ത മാർച്ച് വരെ നീട്ടിയിട്ടുണ്ട്. പക്ഷേ, നിലവിലുള്ള വേഗം പരിഗണിച്ചാൽ, ഒരു വർഷമെങ്കിലുമെടുക്കും പാത തുറന്നു കൊടുക്കാൻ.

ഇഴഞ്ഞിഴഞ്ഞ് അഴിയൂർ– നാദാപുരം
മുക്കാളി, കുഞ്ഞിപ്പള്ളി, നാദാപുരം റോഡ് എന്നീ അടിപ്പാതകളും ഒടുവിൽ അനുവദിച്ച മടപ്പള്ളി അടിപ്പാതയുമാണ് ഉള്ളത്. മുക്കാളി അടിപ്പാതയ്ക്കു മുകളിൽ ഗതാഗതം അനുവദിച്ചു. കുഞ്ഞിപ്പള്ളി അടിപ്പാതയുടെ അപ്രോച്ച് റോഡ് പണി നടക്കുന്നു. നാദാപുരം റോഡ് അടിപ്പാത ഒരു ഭാഗമായി. മടപ്പള്ളി അടിപ്പാത നിർമാണം തുടങ്ങിയിട്ടില്ല. അഴിയൂർ–നാദാപുരം ഭാഗത്ത്, സോയിൽ നെയ്‌ലിങ് തകർന്ന മുക്കാളി, മടപ്പള്ളി ഭാഗങ്ങൾ ഇനിയും നന്നാക്കിയിട്ടില്ല. അത് ഇടിഞ്ഞു കിടക്കുന്ന അവസ്ഥയിൽ തന്നെയാണ്. മുക്കാളിയിൽ ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമാണം പുരോഗമിക്കുന്നു.

നാദാപുരം – പുതുപ്പണം
വടകര അടക്കം 4 ഫ്ലൈ ഓവറുകളും 3 അടിപ്പാതകളുമുണ്ട്, ഈ ഭാഗത്ത്. കൈനാട്ടി, പെരുവാട്ടുംതാഴ, അടക്കാതെരു ഫ്ലൈ ഓവറുകൾ പൂർത്തിയായിട്ടു മാസങ്ങളായെങ്കിലും രണ്ടറ്റത്തും മണ്ണിട്ടുയർത്തി റോഡ് ഉണ്ടാക്കിയിട്ടില്ല. വടകര ടൗണിൽ 560 മീറ്റർ നീളത്തിൽ ഫ്ലൈ ഓവർ 5 സ്പാനുകളിൽ ഗർഡർ സ്ഥാപിക്കുകയും ഗർഡർ സ്ഥാപിച്ച ഭാഗത്തു കോൺക്രീറ്റ് പാനൽ നിരത്തുകയും ചെയ്യുന്നുണ്ട്. ചോറോട് റെയിൽവേ ലൈനിന് മുകളിൽ ബോസ്ട്രിങ് സ്റ്റീൽ പാലം നിർമാണം പൂർത്തിയാക്കിയിട്ടു 4 മാസമായി.

റെയിൽ പാതയുടെ മുകളിൽ സ്ഥാപിക്കാൻ റെയിൽവേയുടെ അനുമതിക്കായി കാത്തിരിക്കുന്നു. അടിപ്പാതകളിൽ കരിമ്പനപ്പാലം അടിപ്പാത പൂർത്തിയായി. സമമായി റോഡ് ഉയർത്തണം. പുതുപ്പണം അടിപ്പാതയിൽ റോഡ് സമമായി ഉയർത്തുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ചോറോട് അടിപ്പാത പകുതി പൂർത്തിയായി. കരിമ്പനപ്പാലത്ത് നിർമിക്കുന്ന ചെറിയ പാലത്തിന്റെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe