തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ ആഭ്യന്തര വിജിലൻസ് സംവിധാനം പരിഗണനയിലെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. സേവനങ്ങൾ സംബന്ധിച്ച ഫയൽ നീക്കമടക്കം വിജിലൻസ് പരിശോധിക്കും. ഫയലുകൾ വികേന്ദ്രീകരിച്ച് തീർപ്പാക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇത് വരുന്നതോടെ, തിരുവനന്തപുരത്തെ വാഹന സംബന്ധമായ ഫയൽ കോന്നിയിലാകും പരിഗണിക്കുക. ഒഴിവുള്ളത് എവിടെയാണോ അവിടേക്കാകും ഫയലെത്തുക.
ഒരു ഫയലും അഞ്ചു ദിവസത്തിൽ കൂടുതൽ കെട്ടിക്കിടക്കാൻ പാടില്ലെന്നതാണ് നിലപാട്. അഞ്ചുദിവസത്തിൽ കൂടുതൽ ഫയൽ കൈവശം വെക്കുന്നവരുടെ വിവരം ഡിജിറ്റലായി തന്നെ അറിയാനാകും. ആഭ്യന്തര വിജിലൻസ് വിഭാഗമാണ് ഇവ പരിശോധിക്കുക. ഫയൽ പിടിച്ചുവെക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
ലൈസൻസ് പുതുക്കലിന് കിയോസ്കുകൾ
സൻസ് പുതുക്കലടക്കം സേവനങ്ങൾക്ക് കിയോസ്കുകൾ ഏർപ്പെടുത്തും. സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ, റെയിൽവേ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലാണ് കിയോസ്കുകൾ സ്ഥാപിക്കുക. ഏജൻസികൾക്ക് സേവനത്തിന് നിശ്ചിത ഫീസ് ലഭിക്കും. ലൈസൻസും ആർ.സിയും കിയോസ്കുകൾ വഴി പ്രിന്‍റ് ചെയ്തു നൽകുന്നതിനാണ് ആലോചിക്കുന്നത്.
ടെസ്റ്റ് പാസായാൽ ഗ്രൗണ്ടിൽ തന്നെ ലൈസൻസ്
ഡ്രൈവിങ് ടെസ്റ്റ് പാസായാൽ ഗ്രൗണ്ടിൽ തന്നെ ഡിജിറ്റൽ ലൈസൻസ് ലഭ്യമാക്കുന്ന ക്രമീകരണം നടപ്പാക്കും. ഇതിന്‍റെ ഭാഗമായി എല്ലാ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും ടാബ് നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. ഗ്രൗണ്ടിൽ നിന്ന് തന്നെ ഉദ്യോഗസ്ഥർക്ക് ലൈസൻസ് അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. പഠിതാവ് ഗ്രൗണ്ട് വിട്ടു പോകുന്നതിനുമുമ്പ് തന്നെ ലൈസൻസ് കാർഡ് ഫോണിൽ എത്തും.
ഓട്ടോറിക്ഷകളിൽ നിരക്ക് സ്റ്റിക്കർ
ഓട്ടോറിക്ഷകളിൽ നിരക്ക് ഉൾപ്പെടുന്ന സ്റ്റിക്കർ പതിക്കൽ നിർബന്ധമാക്കും. മീറ്റർ ഇടാത്ത ഓട്ടോറിക്ഷകൾക്ക് നിരക്ക് നൽകേണ്ടെന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള തീരുമാനം ഒഴിവാക്കിയത് ഇത് സംബന്ധിച്ച് വഴക്കുകളുണ്ടായതുകൊണ്ടാണ്. മീറ്റർ ഇടാതെ വളരെ മോശമായ നിലയിൽ ചില ഓട്ടോറിക്ഷക്കാർ അരാജകത്വം സൃഷ്ടിക്കുന്നുണ്ട്. ഇത് ശരിയായ നടപടിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘വെർച്വൽ പി.ആർ.ഒ’ യുമായി മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് സേവനങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും അന്വേഷണങ്ങൾക്കുള്ള മറുപടിയും ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കുന്ന ‘വെർച്വൽ പി.ആർ.ഒ’ സംവിധാനത്തിന് തുടക്കം. ക്യു.ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ഓഫിസിലെത്താതെ വിശദാംശങ്ങൾ അറിയുന്നതിനും വാഹന സംബന്ധമായ സേവനങ്ങൾ നടത്തുന്നതിനുമുള്ള ക്രമീകരണമാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിലുള്ളത്.
ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഇ-ചലാൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ടാക്സ് സേവനങ്ങൾ സംബന്ധിച്ച ഓഡിയോ-വിഡിയോ വിശദാംശങ്ങൾ, ഔദ്യോഗിക പോർട്ടലുകളുടെ ലിങ്കുകൾ എന്നിവ വെർച്വൽ പി.ആർ.ഒയിലുണ്ട്. പുറമെ, മോട്ടോർ വാഹനവകുപ്പിന്‍റെ സർക്കുലറുകളും നോട്ടിഫിക്കേഷനുകളും ഇതിലൂടെ ലഭ്യമാകും. വെർച്വൽ പി.ആർ.ഒ ഡിജിറ്റൽ കാർഡിന്‍റെ പ്രകാശനം ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. ഗതാഗത സെക്രട്ടറി പി.ബി. നൂഹ് സംബന്ധിച്ചു.
കളമശ്ശേരി ഗവ. പോളിടെക്നിക്, കോഴിക്കോട് വിസ്മയ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, മലപ്പുറം സ്കിൽ ഏജ് ഡിജിറ്റൽ അക്കാദമി എന്നീ സ്ഥാപനങ്ങളിലെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിലെ വിദ്യാർഥികളാണ് സംവിധാനം വികസിപ്പിച്ചതെന്ന് തുടർന്ന് മന്ത്രി ഗണേഷ്കുമാർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.