കൊച്ചി: കേന്ദ്ര ഗതാഗത മന്ത്രാലയം നടപ്പാക്കിയ ഓള് ഇന്ത്യ പെര്‍മിറ്റ് സംവിധാനത്തില്‍ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് നിയമവിരുദ്ധമായി സംസ്ഥാനം വീണ്ടും നികുതി ഈടാക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ. 2023ലാണ് ഏകീകൃത നികുതി സംവിധാനം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. അധികനികുതി ഈടാക്കാന്‍ സാധിക്കുന്ന തരത്തില്‍ പരിവാഹന്‍ സൈറ്റിലുണ്ടായിരുന്ന സൗകര്യം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും അധികനികുതി ഈടാക്കരുതെന്ന് കാണിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗതാഗത സെക്രട്ടറി സര്‍ക്കുലര്‍ അയക്കുകയും ചെയ്തു.
ഇതിനെ മറികടന്ന് അന്യായമായി ഇരട്ടനികുതി പിരിക്കുന്നതിനുള്ള നീക്കമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യാത്രാനിരക്ക് ഏകീകരണത്തെ അസോസിയേഷന് പിന്തുണക്കും. സംസ്ഥാന പ്രസിഡൻറ് എ.ജെ. റിജാസ്, ജനറല്‍ സെക്രട്ടറി മനീഷ് ശശിധരന്, ട്രഷറര്‍ എം.ജെ. ടിറ്റോ, വൈസ് പ്രസിഡന്റ് അഭിലാഷ് വിജയകുമാര്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.