കോട്ടയം: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ ഹൈകോടതി വിധിയിൽ പൊലീസിനെ പ്രശംസിച്ച് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. വളരെ ആസൂത്രിതമായിരുന്നു ടി.പിയുടെ കൊലപാതകമെന്ന് തിരുവഞ്ചൂർ പറഞ്ഞു.
ഒരു ദൃക്സാക്ഷി പോലുമില്ലാത്ത കേസിലെ അന്വേഷണം അഭിമാനകരമാണെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. കേസ് നടക്കുന്ന കാലത്ത് രാജ്യ വ്യാപകമായി ജാഥകളും സമരങ്ങളും നടന്നു. എന്നാൽ, നിശ്ചിത ലക്ഷ്യത്തിൽ നിന്നും പൊലീസ് പിന്മാറിയില്ല.
സംസ്ഥാനത്തിന് പുറത്തും മുംബൈ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന ഗുണ്ടകൾ ചേർന്നാണ് കൊലപാതകം നടത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
പൊലീസിന്റെ ചരിത്രത്തിൽ വലിയ നേട്ടങ്ങൾ നൽകിയതാണ് ടി.പി. വധക്കേസിലെ അന്വേഷണം. അന്വേഷണത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്.
പ്രതികളെല്ലാം നിരപരാധികളെന്നാണ് സി.പി.എം പറഞ്ഞത്. ഇപ്പോൾ സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
അതേസമയം, സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെ വെറുതെവിട്ട വിചാരണ കോടതി നടപടി ശരിവെച്ച ഹൈകോടതി വിധിയിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.