‘ഞാൻ വെറും ഫ്ലവറല്ല ഫയർ’; വഞ്ചിച്ചവർക്കെതിരെ നിയമനടപടിയുമായി ബൈജു രവീന്ദ്രന്റെ എക്സ് പോസ്റ്റ്

news image
Apr 9, 2025, 10:05 am GMT+0000 payyolionline.in

റെസല്യൂഷൻ പ്രൊഫഷനൽ പങ്കജ് ശ്രീവാസ്തവ, ഗ്ലാസ് ട്രസ്റ്റ്, ഇ.വൈ കമ്പനിയിലെ ചില ജീവനക്കാർ എന്നിവർക്കെതിരെ പരാതി നൽകിയതിന്റെ എഫ്. ഐ. ആർ പുറത്തുവിട്ട് ബൈജു രവീന്ദ്രൻ. എക്സിലാണ് എഫ്. ഐ. ആറിന്റെ ഫോട്ടോ പങ്കുവെച്ചത്. കമ്പനിയുടെ പാപ്പരത്ത നടപടികൾ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് റെസല്യൂഷൻ പ്രൊഫഷനൽ. തന്റെ കമ്പനിയിലെ മുന്‍ റെസല്യൂഷന്‍ പ്രൊഫഷണലായ പങ്കജ് ശ്രീവാസ്തവ പാപ്പരത്ത പ്രക്രിയയുടെ നിയന്ത്രണം മറിച്ചു കൊടുക്കുന്നതിനായി വായ്പാദാതാവായ ഗ്ലാസ് ട്രസ്റ്റുമായും കൺസൾട്ടിങ് സ്ഥാപനമായ ഇ.വൈയിലെ ചില ജീവനക്കാരുമായും ഒത്തു കളിച്ചുവെന്നാണ് ബൈജുവിന്റെ ആരോപണം.

പങ്കജിനു പുറമെ ദിന്‍കര്‍ വെങ്കടസുബ്രഹ്‌മണ്യന്‍, ഇ.വൈ പ്രതിനിധികളായ രാഹുല്‍ അഗര്‍വാള്‍, ലോകേഷ് ഗുപ്ത എന്നിവര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു. തെലുങ്ക്‌ ചിത്രം പുഷ്പയിലെ വൈറല്‍ ഡയലോഗ് ചേര്‍ത്തുള്ള വെല്ലുവിളിയും പോസ്റ്റിലൂടെ ബൈജു നടത്തി. ഞാന്‍ ഫ്‌ളവറല്ല, ഗ്ലാസ് ട്രസ്റ്റിനെ തകര്‍ക്കുന്ന ഫയര്‍ ആണ് എന്നായിരുന്നു അത്.

കുറ്റക്കാരായവരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇ. വൈ ചെയര്‍മാന്‍ രാജീവ് മേമാനിയോട് ആവശ്യപ്പെടുന്ന മറ്റൊരു പോസ്റ്റും ബൈജു പങ്കുവെച്ചിട്ടുണ്ട്. ‘ഇത് വ്യക്തിപരമായതോ സ്ഥാപനപരമായ തട്ടിപ്പോ?’ എന്നാണ് രാജീവ് മേമാനിയെ ടാഗ് ചെയ്തുകൊണ്ട് ബൈജു ചോദിച്ചത്. ‘ആദ്യത്തേതാണെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ കുറ്റവാളികളെ സസ്‌പെന്‍ഡ് ചെയ്യണം. നിരവധി തെളിവുകള്‍ ഞാന്‍ പങ്കുവെക്കുന്നു. നിങ്ങള്‍ ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം നല്‍കണം. 2018, 2020 വര്‍ഷങ്ങളിലെ മികച്ച സംരംഭകനായി ഇ.വൈ പ്രഖ്യാപിച്ച തന്നെ സഹായിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിതെന്നും പോസ്റ്റിൽ പറയുന്നു.

ഇ.വൈ ഗ്ലാസ് ട്രസ്റ്റിന് അനുകൂലമായി നിലപാട് എടുക്കുകയും ബൈജുവിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും അവകാശപ്പെട്ടുകൊണ്ടുള്ള ലിങ്ക്ഡ് ഇന്‍ പോസ്റ്റ് പുറത്തു വന്നതിനു പിന്നാലെയാണ് ബൈജുവിന്റെ നീക്കങ്ങള്‍. 2025 ഫെബ്രുവരി 27-നാണ് ഇ.വൈ യിലെ ഒരു വ്യകതി ലിങ്ക്ഡ്ഇന്‍ പോസ്റ്റ് വഴി ഗ്ലാസ് ട്രസ്റ്റിനൊപ്പം നിന്നുകൊണ്ട് ഇ.വൈയിലെ ജീവനക്കാർ ബൈജൂസിനെതിരായി പ്രവര്‍ത്തിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ബൈജൂസിന് 1.2 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയ യുഎസ് വായ്പാദാതാക്കളുടെ ട്രസ്റ്റിയാണ് ഗ്ലാസ് ട്രസ്റ്റ്. തനിക്കെതിരെ വ്യാജമായ തട്ടിപ്പ് ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയ ഒരു സംഘം കാമറയില്‍ കുടുങ്ങിയതായി ആരോപിച്ച് ബൈജു രവീന്ദ്രന്‍ അടുത്തിടെ സമൂഹ മാധ്യമത്തിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ പോസ്റ്റ് ആയിരുന്നു അത്. തന്റെ കമ്പനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ബൈജു രവീന്ദ്രന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നതായിരുന്നു ഇ.വൈ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍.

22 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന ബൈജൂസ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. കമ്പനി ഇപ്പോള്‍ നീണ്ട നിയമയുദ്ധവും നേരിട്ടുകൊണ്ടിരിക്കുന്നു. 1.2 ബില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടക്കാന്‍ പരാജയപ്പെട്ടതോടെയാണ് ബൈജൂസിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ബൈജൂസിനെതിരെ വായ്പാദാതാക്കള്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണല്‍ ഗ്ലാസ് ട്രസ്റ്റ് പ്രതിനിധീകരിക്കുന്ന ഗ്രൂപ്പിന് അനുകൂലമായാണ് വിധി പ്രസ്താവിച്ചത്. ബൈജൂസിന്റെ സാമ്പത്തിക തീരുമാനങ്ങളുടെ നിയന്ത്രണം എതിര്‍ഭാഗത്തിന് കൈമാറുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe