‘ഞാൻ കൊന്നു പതിനാലാം വയസ്സിൽ’, 39 വർഷം മുൻപത്തെ കൊലപാതകം ഏറ്റുപറഞ്ഞ് മുഹമ്മദലി

news image
Jul 4, 2025, 2:09 pm GMT+0000 payyolionline.in

കോഴിക്കോട്:  39 വർഷത്തെ ഉറക്കം നഷ്ടപ്പെട്ട രാത്രികൾക്കു വിട നൽകി, മുഹമ്മദലി (54) മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി വെളിപ്പെടുത്തി– ‘1986 ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാൻ കൊന്നതാണ്’. മുഹമ്മദലിയുടെ മനസ്സിൽ അതോടെ വെളിച്ചം വീണെങ്കിലും തിരുവമ്പാടി പൊലീസിന്റെ തലവേദന അവിടെ ആരംഭിച്ചു. 116/86 ആയി റജിസ്റ്റർ ചെയ്തിരുന്ന കേസ് ഫയൽ പൊടിതട്ടിയെടുത്ത പൊലീസിന് ഇനി കണ്ടെത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നുണ്ട്– മരിച്ചത് ആരാണ്?

ജൂൺ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു.

1986 നവംബർ അവസാനമായിരുന്നു സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ പറമ്പിൽ കൂലിപ്പണിക്കു നിൽക്കുമ്പോൾ, 14 വയസ്സു മാത്രമുള്ള തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നായിരുന്നു മൊഴി. സ്ഥലത്തു നിന്ന് ഓടിപ്പോയ മുഹമ്മദലി 2 ദിവസം കഴിഞ്ഞാണ്, തോട്ടിൽ മുങ്ങി അയാൾ മരിച്ച വിവരം അറിയുന്നത്.

അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയുമില്ല. തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികൾ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.  ആർഡിഒ ഓഫിസിലെ പഴയ ഫയലുകൾ പരിശോധിച്ചും അന്നത്തെ പത്രവാർത്തകൾ നോക്കിയും മരിച്ചത് ആരായിരിക്കും എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവമ്പാടി സിഐ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം. ഇരിട്ടി സ്വദേശിയാണെന്നും പാലക്കാട് സ്വദേശിയാണെന്നും നാട്ടുകാർ പറയുന്നുണ്ട്.

1986 ഡിസംബർ 5നു വന്ന വാർത്ത മാത്രമാണ് ഇതുവരെ ലഭിച്ച തെളിവ്.  ‘കൂടരഞ്ഞി: മിഷൻ ആശുപത്രിക്കു പിന്നിലെ വയലിലെ ചെറുതോട്ടിൽ യുവാവിന്റെ ജഡം കണ്ടെത്തി. 20 വയസ്സ് തോന്നിക്കും.’ ഇവിടെ നിന്നാണ് ഇനി പൊലീസ് അന്വേഷണം തുടരേണ്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe