‘ജോലി വിട്ട് ഓസ്ട്രേലിയയ്ക്ക് വരാന്‍ ഭർത്താവ് നിർബന്ധിച്ചു’; ആലപ്പുഴയില്‍ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

news image
Mar 13, 2025, 3:51 pm GMT+0000 payyolionline.in

ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടിമരിച്ചതിന് പിന്നില്‍ ഭര്‍ത്താവിന്‍റെ പിടിവാശിയെന്ന് സൂചന. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകള്‍ കൃഷ്ണപ്രിയയുമാണ് മരിച്ചത്. ആലപ്പുഴ വീയപുരം പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന പ്രിയക്ക് മലപ്പുറത്തേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ, നാട്ടിലെ ജോലി രാജിവച്ച് തന്നോടൊപ്പം ഓസ്ട്രേലിയയിലേക്ക് പോകാന്‍ പ്രിയയെ ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നു. ഇതേ ചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് അമ്മയുടെയും മകളുടെയും മരണത്തില്‍ കലാശിച്ചതെന്നാണ് സൂചന.

പ്രിയയുടെ ഭര്‍ത്താവ് മഹേഷ് ഓസ്ട്രേലിയയില്‍ ജോലി ചെയ്യുകയാണ്. ഭാര്യയെയും മകളെയും ഓസ്ട്രേലിയയില്‍ എത്തിക്കണമെന്ന നിര്‍ബന്ധത്തിലായിരുന്നു മഹേഷ്. ഇക്കാര്യത്തിന്‍റെ പേരില്‍ മഹേഷും പ്രിയയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മാത്രമല്ല അടുത്തിടെ സഹോദരന്‍ മരിച്ചതിന്‍റെ മാനസിക വിഷമവും പ്രിയയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികളില്‍ ചിലര്‍ പറയുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഇവര്‍ സ്കൂട്ടറില്‍ തകഴി കേളമംഗലത്ത് നിന്ന് 2 കിലോമീറ്റര്‍ അപ്പുറത്തുള്ള ലെവല്‍ ക്രോസിനടുത്തെ ട്രാക്കിലേക്ക് എത്തുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകായിരുന്ന മെമു ട്രെയിനിന് മുന്നിലേക്കാണ് അമ്മയും മകളും ചാടിയത്. മൃതദേഹങ്ങള്‍ വണ്ടാനം മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി.

നാട്ടിലെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് വിദേശത്ത് പോകാന്‍ പ്രിയയ്ക്ക് അത്ര ഇഷ്ടമല്ലായിരുന്നുവെന്നാണ് അറിയുന്നത്. പ്രിയയുടെ അച്ഛനും അമ്മയും നേരത്തേ മരിച്ചിരുന്നു. ഇപ്പോള്‍ അപ്രതീക്ഷിതമായി സഹോദരന്‍ കൂടി മരിച്ചതിന്‍റെ വിഷമവും അവരെ വല്ലാതെ ബാധിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe